X
    Categories: Views

ബാബരി പ്രശ്‌നത്തില്‍ കരണീയം കോടതി വിധി

സോഷ്യല്‍ ഓഡിറ്റ
ഡോ. രാംപുനിയാനി

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പ്രശ്‌നം കോടതിക്കു പുറത്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മധ്യസ്ഥ ശ്രമവുമായെത്തിയത് നാം കണ്ടതാണ്. അയോധ്യയില്‍ ക്ഷേത്രം മാത്രമേ പണിയൂവെന്ന് ആര്‍.എസ്.എസ് ചീഫ് മോഹന്‍ ഭഗവത് ഇയ്യിടെ പ്രസ്താവിക്കുകയുമുണ്ടായി. ഈ വിഷയത്തില്‍ അലഹബാദ് കോടതിവിധിയെ നിന്ദിക്കുന്ന ആര്‍.എസ്.എസ് നിലപാട് ആവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ അവകാശവാദം. രവിശങ്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹം ആത്മീയ വ്യക്തിത്വമായാണ് കരുതപ്പെടുന്നതെങ്കിലും ചിലപ്പോഴൊക്കെ രാഷ്ട്രീയ വിഷയങ്ങളില്‍ എടുത്തുചാടുന്നുണ്ട്. നേരത്തെ അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ കാമ്പയിനിടെ രവിശങ്കറിന്റെ ഇടപെടല്‍ നാം മനസ്സിലാക്കിയതാണ്.

ഇപ്പോള്‍ രവിശങ്കര്‍ രാഷ്ട്രീയ ചതുരംഗകളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഹിന്ദു വിഭാഗത്തില്‍പെട്ട നിരവധി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹത്തിനു പദ്ധതിയുമുണ്ട്. അതുപോലെ, എതിര്‍ വാദക്കാരുടെ അപ്പീലിനെത്തുടര്‍ന്ന് അയോധ്യ പ്രശ്‌നം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി ഭാഗിക്കണമെന്നാണ് അലഹബാദ് കോടതി നിര്‍ദേശിച്ചത്. ഇതില്‍ ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും മറ്റൊന്ന് രാംലല്ല ന്യാസിനും അടുത്തത് നിര്‍മോഹി അഖാഡക്കും. ‘ഹിന്ദു മത വിശ്വാസ’ പ്രകാരം ശ്രീരാമന്‍ ജനിച്ച സ്ഥലമാണതെന്നും അതിനാല്‍ ഹിന്ദു മത വിഭാഗത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗവും മുസ്‌ലിംകള്‍ക്ക് മൂന്നില്‍ ഒരു ഭാഗവും നല്‍കുകയാണെന്നുമുള്ള പ്രാഥമിക വസ്തുത അവലംബിക്കുകയായിരുന്നു ഈ വിധിയിലൂടെ കോടതി. മുഴുവന്‍ ഭൂമിയും അവരവര്‍ക്ക് മാത്രമുള്ളതാണെന്നാണ് ഇപ്പോള്‍ ഹിന്ദു വിഭാഗവും മുസ്‌ലിംകളും അവകാശപ്പെടുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആ ഭൂമി സുന്നി വഖഫ് ബോര്‍ഡിന്റെ കൈവശത്തിലായിരുന്നു. 1949 ഡിസംബര്‍ 22ന് രാത്രി ഹിന്ദു ഗ്രൂപ്പുകളില്‍പെട്ട ചില അക്രമികള്‍ മസ്ജിദില്‍ അതിക്രമിച്ചു കടക്കുകയും ലാംലല്ല വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പള്ളിയില്‍ നിന്ന് വിഗ്രഹം ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പാന്തിന് കത്തെഴുതി. എന്നാല്‍, ബി.ജെ.പിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘ് ടിക്കറ്റില്‍ പിന്നീട് ലോക്‌സഭയിലേക്ക് മത്സരിച്ച അന്നത്തെ ലോക്കല്‍ മജിസ്‌ട്രേറ്റ് കെ.കെ നയ്യാര്‍ വിഗ്രഹം പള്ളിയില്‍ നിന്ന് എടുത്തുമാറ്റുന്നത് വിലക്കി. പള്ളിയുടെ ഗെയ്റ്റുകള്‍ പൂട്ടി സീല്‍ ചെയ്തു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്ന് പള്ളി തുറക്കുകയും ശിലാന്യാസം നടത്തുകയും ചെയ്തു. പാര്‍ലമെന്റ് നടപടിയിലൂടെ ശാബാനു കേസ് വിധി മറികടന്നതിന്റെ പരിണിതഫലമാണിത്. അനന്തരഫലമായി ആര്‍.എസ്.എസ് സംഘം ‘മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു’ എന്ന തരത്തിലുള്ള അവരുടെ പ്രചാരണം കൂടുതല്‍ ശക്തമാക്കുകയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കരസ്ഥമാക്കുകയും ചെയ്തു.

ഏകദേശം ഇതേസമയം തന്നെയാണ് ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്രമായി രാമക്ഷേത്ര നിര്‍മ്മാണത്തെ മാറ്റിയെടുത്തത്. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ പരിണിതഫലമായി രാമക്ഷേത്ര നിര്‍മ്മാണ പ്രചാരണങ്ങള്‍ ശക്തമാക്കുകയും അദ്വാനിയുടെ രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും സമൂഹത്തെ ആഴമേറിയ ധ്രുവീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ധ്രുവീകരണവും പിന്നീട് സംഘ്പരിവാരങ്ങള്‍ നടത്തിയ ശ്രമങ്ങളും 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ചു. പള്ളിയില്‍ രാംലല്ല വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് കുറ്റകൃത്യമായിരുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയി. പള്ളി തകര്‍ത്തതും ഒരു കുറ്റകൃത്യമാണ്. അതിലെ കുറ്റവാളികള്‍ രാഷ്ട്രീയമായി കൂടുതല്‍ ശക്തി പ്രാപിക്കുകയാണുണ്ടായത്. അദ്വാനി ഉപപ്രധാനമന്ത്രിയായി, മുരളി മനോഹര്‍ ജോഷിയും ഉമാ ഭരതിയും കേന്ദ്ര മന്ത്രിസഭയില്‍ ഉന്നത പദവികള്‍ വഹിച്ചു. പള്ളി പൊളിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങള്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അദ്വാനിയും കൂട്ടരും കോടതിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപണങ്ങള്‍ നേരിടുകയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ബാബരി മസ്ജിദുമായ ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ക്ക് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ശ്രേഷ്ഠമായ രാഷ്ട്രീയ വിഹിതമാണ് പ്രതിഫലം ലഭിച്ചത്. അനുരജ്ഞനം എപ്പോഴും നല്ലതാണെന്നാണ് അടിസ്ഥാന ഘടകം. അത് എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഭൂതകാല രീതിയുണ്ടായിരുന്നിട്ടും, കോടതിക്കു പുറത്ത് നിന്നുള്ള തീര്‍പ്പാക്കല്‍ ഏറ്റവും നല്ല വഴിയാണ്. എന്നാല്‍ അത്തരം അനുരജ്ഞനം ആര്‍ക്ക് ചെയ്യാന്‍ കഴിയും. നിയമവിധി കണക്കാക്കാതെ ആര്‍ക്കെങ്കിലും അനുരജ്ഞന പ്രക്രിയ തുടങ്ങാന്‍ കഴിയുമോ? രവിശങ്കറെ നിരവധി ഹൈന്ദവ നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹം മനസ്സില്‍ കാണുന്നതിനു മുമ്പു തന്നെ, അവര്‍ക്ക് അദ്ദേഹവുമായി കൂടിയാലോചന നടത്താന്‍ കഴിയുന്നതിനു മുമ്പു തന്നെ പ്രശ്‌നപരിഹാരത്തിന് സുന്നി വഖഫ് ബോര്‍ഡ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, അവര്‍ രവിശങ്കറെ കാണുന്നതിനു മുമ്പ് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് യോഗത്തിനായി കാത്തിരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. അതെന്തായാലും, ഈ ഭൂമിയിലുള്ള അവരുടെ അവകാശവാദം മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും അവര്‍ക്ക് പള്ളി പണിയാന്‍ മറ്റൊരു സ്ഥലം നല്‍കണമെന്നുമുള്ള സ്ഥിരം പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഹൈന്ദവ ഭാഗത്തുള്ളവര്‍. ഇത് ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകും.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമ തര്‍ക്കത്തില്‍ കക്ഷിയല്ലാത്ത ശിയ വഖഫ് ബോര്‍ഡ് ഹൈന്ദവ വിഭാഗത്തിന്റെ നിലപാടിനോട് വഴങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രവിശങ്കര്‍ ഇപ്പോള്‍ നടത്തുന്ന അനുരജ്ഞന ശ്രങ്ങള്‍ക്കൊപ്പവും ഭഗവതിന്റെ പ്രസ്താവനക്കൊപ്പവും നില്‍ക്കാന്‍ വലിയ വിഭാഗം മുസ്‌ലിംകള്‍ക്ക് സാധ്യമാകുമോ? രവിശങ്കര്‍ നിഷ്പക്ഷ വ്യക്തിയായി തോന്നാത്തതിനാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ബുദ്ധിമുട്ടാണ്. ആധുനിക ഹൈന്ദവ ഗുരുക്കളുടെ വിഭാഗത്തില്‍നിന്ന് വരുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിലെ മിക്ക കാര്യങ്ങളും യാഥാസ്ഥിതിക മൂല്യങ്ങളുമായി കൂടുതല്‍ അടുത്തതാണ്. ബാബരി മസ്ജിദ് തകര്‍ത്തെന്ന കുറ്റകൃത്യത്തെ അദ്ദേഹം ഒരിക്കലും അപലപിച്ചിട്ടില്ലെന്നു മാത്രമല്ല ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്താനും അദ്ദേഹം തയാറായിട്ടില്ല. നിഷ്പക്ഷത പുലര്‍ത്തുന്നു എന്ന തരത്തില്‍ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രത്തില്‍ അദ്ദേഹം പക്ഷപാതിത്വം കാണിക്കുന്നു. അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായതിനാലാണ് ആര്‍.എസ്.എസ് ഹൈന്ദവ ക്ഷേത്രത്തോട് നിര്‍ബന്ധബുദ്ധി കാണിക്കുന്നത്.

ഈ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ എന്തുചെയ്യണം? ശിയാക്കളും സുന്നികളും തമ്മിലുള്ള വിടവ് മനപ്പൂര്‍വം പ്രോത്സാഹിപ്പിക്കുന്നതാണ്. അതോരു ശിയാ മസ്ജിദായിരുന്നുവെങ്കില്‍ സുന്നി ബോര്‍ഡ് അന്യായക്കാരനാകുമായിരുന്നു. വര്‍ഗീയവത്കരണത്തെതുടര്‍ന്ന് കഴിഞ്ഞ മൂന്നു ദശകങ്ങളായി മുസ്‌ലിം സമുദായം പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, നിയമപരമായ സഹായമാണ് ഉചിതമായ മാര്‍ഗമെന്നാണ് അവരില്‍ അധിക പേരും കരുതുന്നത്. ജനാധിപത്യ രാജ്യത്ത് വന്‍ കുറ്റമായ രാംലല്ല വിഗ്രഹങ്ങള്‍ പള്ളിയില്‍ സ്ഥാപിച്ചവരുമായും പള്ളി പൊളിച്ചവരുമായും അനുരജ്ഞനത്തിന്റെ പേരില്‍ സൗഹാര്‍ദപരമായ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിലൂടെ രവിശങ്കര്‍ തന്റെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന സുപ്രീം കോടതി വിധി എന്തായാലും രാമക്ഷേത്രത്തിനു മാത്രമായി ആര്‍.എസ്.എസ് വാദിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള വിധി അത്യുന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

chandrika: