X

കശ്മീര്‍; ആര്‍ട്ടിക്ള്‍ 370ന്റെ കാര്യത്തില്‍ നാളെ നിര്‍ണായക തീരുമാനത്തിനു സാധ്യത


ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണത്തിനെതിരെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയുമുള്ള ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുക. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് ഗുലാം നബി ആസാദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആസാദ് ശ്രമം നടത്തിയെങ്കിലും അധികൃതര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോയുടെ ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് വൈകോയുടെ ആവശ്യം. സെപ്റ്റംബര്‍ 15 ന് ചെന്നൈയില്‍ നടക്കുന്ന സമാധാനപരവും ജനാധിപത്യപരവുമായ ചടങ്ങില്‍ പങ്കെടുക്കാന്‍ അധികൃതര്‍ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

web desk 1: