X
    Categories: Video Stories

ഗൂഢാലോചനകളെ ചെറുത്ത ജനകീയവിജയം

ടി.പി.എം ഹാഷിര്‍ അലി

1988 ഏപ്രില്‍ 13നു മലബാറിന്റെ യാത്രസ്വപ്‌നങ്ങളിലേക്ക് ചിറകുവിടര്‍ത്തി പറന്നിറങ്ങിയ കോഴിക്കോട് വിമാനത്താവളം 2006 ഫെബ്രുവരി 12നു അന്താരാഷ്ട്രപദവിയോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി തലയുയര്‍ത്തി നില്‍ക്കെ അതിനെ തകര്‍ക്കാനായി സ്വകാര്യ ലോബി നടത്തിയ ശ്രമങ്ങളെ ഒന്നടങ്കം പരാജയപ്പെടുത്തിയ ജനകീയ കൂട്ടായ്മ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് ഇന്ന് മലബാര്‍ മേഖല. അന്തര്‍ദേശീയ യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തേതും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്താല്‍ ഒമ്പതാമത്തേതും സ്ഥാനമലങ്കരിച്ചിരുന്ന ഒരു കേന്ദ്രത്തെ സ്വകാര്യ ലോബികളുടെ സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി ചിറകരിഞ്ഞ നിര്‍ഭാഗ്യകരമായ സാഹചര്യത്തെയാണ് ഇപ്പോള്‍ അതിജീവിക്കുന്നത്.
2014ലാണ് റണ്‍വെക്കു തകരാറുണ്ടെന്നു പറഞ്ഞു വിമാനത്താവളത്തെ തളര്‍ത്താന്‍ ഗൂഢാലോചന നടക്കുന്നത്. 2015ന് ഭാഗികമായി അടച്ചു. നാലു മാസമായിട്ടും റീകാര്‍പറ്റിങ് പണി തുടങ്ങിയില്ല. ഗൂഢാലോചന തിരിച്ചറിഞ്ഞ മലബാറിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ശക്തമായി ഇതിനെതിരെ രംഗത്തിറങ്ങി. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് ഏഴു ദിവസത്തെ സമരം തുടങ്ങി. 2015 സെപ്തംബര്‍ എട്ടിന് മാനാഞ്ചിറയില്‍ അനിശ്ചിതകാല സമരം തുടങ്ങി. സ്വകാര്യശക്തികളെ സഹായിക്കാനുള്ള ഗൂഢാലോചനയെന്നു സമരം ഓരോ ദിവസം മുന്നോട്ടുപോകുമ്പോഴും കൂടുതല്‍ കൂടുതല്‍ വ്യക്തമായി.
റീകാര്‍പറ്റിങ് പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിന്റെ ഏഴാം ദിവസം ഡിജിസിഎയില്‍ അന്നത്തെ എം.പിയായിരുന്ന ഇ. അഹമ്മദ് സാഹിബ് കുത്തിയിരുന്നു. പത്ത് മണി മുതല്‍ മൂന്നു മണി വരെ ഓര്‍ഡര്‍ ഇട്ടിട്ടേ ഇറങ്ങൂ എന്ന് പഞ്ഞ് അദ്ദേഹം പിന്‍വലിയാന്‍ കൂട്ടാക്കിയില്ല. മൂന്നു മണിക്ക് ഡിജിസിഎയുടെ ഓര്‍ഡര്‍ ഇ. അഹമ്മദിനയച്ച ശേഷമാണ് സമരം നിര്‍ത്തിയത്. അങ്ങനെ റണ്‍വേ റീകാര്‍പറ്റിങ് പണി തുടങ്ങി. 110 കോടി രൂപയുടെ പുതിയ ടെര്‍മിനല്‍ അന്ന് ഇ. അഹമ്മദ് ആണ് പാസാക്കിയത് എന്നതും സ്മരണീയമാണ്. പിന്നീട് 450 ഏക്കര്‍ സ്ഥലം ഏറ്റെടുത്താലേ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ പറ്റൂ എന്നായി. ആ സമയമായപ്പോഴേക്കും ഇ. അഹമ്മദ് രോഗബാധിതനായി. ഇത് പ്രവര്‍ത്തനത്തെ ബാധിച്ചു. ഓരോ വര്‍ഷവും ഹജ്ജ് എംബാര്‍ക്കേഷന്‍ വാഗ്ദാനങ്ങളുണ്ടായി. നാട്ടുകാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതെയും എതിര്‍പ്പു ശക്തമാക്കി. സ്വാഭാവികമായും സ്വകാര്യശക്തികളുടെ ഗൂഢാലോചനയില്‍ സമരക്കാര്‍ കുടുങ്ങി.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ കാലം ജോലി ചെയ്ത ഡയറക്ടറായ ജെ.ടി രാധാകൃഷ്ണ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി മാര്‍ക്‌സിസ് എന്നിവര്‍ നിലവിലുള്ള ഈ റണ്‍വെയില്‍ തന്നെ വലിയ വിമാനങ്ങള്‍ ഇറങ്ങാം എന്ന് ശാസ്ത്രീയ പഠനം നടത്തി തെളിയിച്ചത്. തെളിവിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും വലിയ വിമാനങ്ങള്‍ ഇറങ്ങാമെന്ന് ഉത്തരവിട്ടു. റണ്‍വെ എന്‍ഡ് സെയ്ഫ്റ്റി ഏരിയ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അധികൃതര്‍ തടസ്സങ്ങളുന്നയിച്ചു. ആറ് മാസം അങ്ങനെ നഷ്ടമായി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രഖ്യാപനം കൂടി ഇതിനിടയില്‍ വന്നതോടെ ആശങ്കകള്‍ വലുതായി. കോഴിക്കോടിന്റെ ഭാവി തുലാസിലായി. വിമാനത്താവളത്തിന്റെ പ്രതാപം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുണ്ടായി. അപ്പോഴാണ് സഊദി എയര്‍ലൈന്‍സ് വിമാനം ഇറക്കാനുള്ള സാധ്യതാ പഠനം തുടങ്ങിയത്. അവര്‍ ഡല്‍ഹിയില്‍ ഫയല്‍ എത്തിച്ചിട്ടും വീണ്ടും കാത്തിരിപ്പ് നീണ്ടു.
2018ന് ഓഗസ്റ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായി സെപ്തംബറില്‍ വലിയ വിമാനം ഇറങ്ങുമെന്ന് പ്രഖ്യാപനമുണ്ടായി. മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് വര്‍ഷത്തെ നിരന്തര സമരങ്ങളും ഡല്‍ഹി മാര്‍ച്ചും എം.കെ രാഘവന്‍ എം.പിയും മറ്റ് സാമൂഹിക സംഘടനകളും ഒരുക്കിയ പ്രവര്‍ത്തനങ്ങളും ഈ വിജയത്തിന് നിദാനമായി. കെ.എം.സി.സിയുടെ നേതാക്കളും പ്രവര്‍ത്തകരും ഈ വിജയത്തില്‍ സജീവ പങ്കാളികളായി. പ്രവാസികളുടെ ഒരു വലിയ കൂട്ടായ്മ ഇക്കാര്യത്തില്‍ രൂപപ്പെട്ടിരുന്നു. വിമാനത്താവളത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ക്ക് ഈ വിജയം കരുത്തുപകരും. ഇനിയും വിമാനത്താവളത്തിന്റെ വികസനത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങകളുണ്ടാവേണ്ടിയിരിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: