X

ചരിത്രം മറക്കുന്ന പാര്‍ട്ടികളും ഇന്ത്യന്‍ ജനാധിപത്യവും


ഇയാസ് മുഹമ്മദ്


സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. ഭരണഘടനയുടെ കരുത്തില്‍ ജനാധിപത്യ വഴിയില്‍ നിലനില്‍ക്കാനായെന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയുമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായി ജനാധിപത്യം സമ്പൂര്‍ണമായി കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതു തന്നെയാണ് നമ്മുടെ വിജയം. ഇന്ത്യന്‍ ജനത കാത്തു സൂക്ഷിക്കുന്ന ജനാധിപത്യ ബോധത്തിന് കരുത്ത് നല്‍കുന്നതും പ്രാപ്തമാക്കുന്നതും തല ഉയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഭരണഘടനയാണ്.
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ, മതേതര തത്വങ്ങള്‍ തുടക്കം മുതല്‍ മുറുകെ പിടിച്ച സര്‍ക്കാരുകള്‍ ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കുന്നതില്‍ വലിയ താല്‍പര്യമാണ് പ്രകടിപ്പിച്ചത്. ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീം കോടതി നടത്തിയിട്ടുള്ള ശ്രദ്ധേയമായ ഇടപെടലുകള്‍ മറ്റൊരു വശത്തുണ്ട്. ശക്തമായ നിലയില്‍ നിയമസംവിധാനം രാജ്യത്ത് നടപ്പാക്കപ്പെട്ടു. നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന നിലയിലേക്ക് ജനാധിപത്യവും നിയമസംവിധാനവും വളര്‍ന്നു. ബ്രിട്ടന്റെ കോളനി വല്‍ക്കരണത്തില്‍ നിന്ന് മാത്രമല്ല, നാടുവാഴിത്ത, ജന്മിത്ത വ്യവസ്ഥയില്‍ നിന്നു കൂടിയായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ജാതി മേല്‍ക്കോയ്മയും ഫ്യൂഡല്‍ നിയമങ്ങളും രൂഢമൂലമായി സ്വാധീനിച്ചിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റേയും ആധുനിക ജനാധിപത്യത്തിന്റേയും വിഹായസ്സിലേക്ക് ഉയരുകയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങള്‍ ഏറെ സങ്കീര്‍ണമായിരുന്നു. ഒരു വശത്ത് ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കിപത്രമായി നിലനിന്ന സാമൂഹ്യാവസ്ഥ., ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും കൊടികുത്തി വാണ ദാരിദ്ര്യം. മാത്രമല്ല, ഒരു രാഷ്ട്രമെന്ന നിലയില്‍ തീരെ ദരിദ്രമായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ഉല്‍പാദന മേഖല ശൂന്യമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്രു ദരിദ്ര രാജ്യമായിരുന്ന ഇന്ത്യയെ വികസ്വര രാജ്യത്തിലേക്ക് മുന്നോട്ട് നയിക്കാനാണ് ശ്രമിച്ചത്. സോഷ്യലിസ്റ്റായിരുന്നുവെങ്കിലും മിശ്ര സമ്പദ് വ്യവസ്ഥയാണ് നെഹ്രു ഇതിനായി നടപ്പാക്കിയത്. പൊതുമേഖലക്കും സ്വകാര്യ മേഖലക്കും ഒരു പോലെ പ്രാധാന്യം നല്‍കിയ സാമ്പത്തിക വ്യവസ്ഥയില്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തിനുള്ള ഉത്തരവാദിത്തം പൊതുമേഖലക്കായിരുന്നു. അടിസ്ഥാന വ്യവസായങ്ങള്‍ എല്ലാം പൊതുമേഖലയിലാണ് ആരംഭിച്ചത്.
ഇന്ത്യയുടെ സാമൂഹിക, സാമ്പത്തികാവസ്ഥക്ക് മാറ്റം ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന സ്വതന്ത്ര ഇന്ത്യക്ക് ദുര്‍ഘട പാതകള്‍ അപരിചിതമായിരുന്നില്ല. ദേശത്തിനായി ജീവിതം സമര്‍പ്പിച്ച ഒരുപറ്റം നേതാക്കളുടെ ഉജ്വലമായ പരിശ്രമങ്ങളിലൂടെ പ്രതിസന്ധികളെ മറികടക്കാന്‍ നമുക്കായി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നേതാക്കള്‍ തന്നെയാണ് രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയക്കും നേതൃത്വം നല്‍കിയത്.
ഭരണഘടന നിലവില്‍ വന്നതോടെ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ കരുത്ത് നേടി. ചേരിചേരാ നയത്തിലൂന്നിയ വിദേശ നയം, അടിസ്ഥാന ജനതയെ കൈപിടിച്ചുയര്‍ത്തുന്ന വികസന നയം, നാനാത്വത്തില്‍ ഏകത്വമെന്ന രാഷ്ട്ര സങ്കല്‍പം. മത, ജാതി, ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ജനത ഒരു രാഷ്ട്രമായി പരിണമിച്ച്, പുരോഗതിയിലേക്ക് നീങ്ങി. ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച പ്രധാന ഘടകം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനമാണ്. ഓരോ ജനവിഭാഗത്തിന്റേയും സ്വത്വബോധത്തെ നിലനിര്‍ത്തി കൊണ്ട് തന്നെ ദേശബോധം ഉണര്‍ത്താന്‍ ഫെഡറല്‍ സംവിധാനത്തിന് സാധിച്ചു.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് മാറി നിന്ന ഒരു സംഘടനയും അതിന്റെ ആശയങ്ങളും രാജ്യഭരണത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദേശീയതയും രാജ്യസ്‌നേഹവും പ്രത്യേക രീതിയില്‍ അളക്കപ്പെടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നു. ഇന്ത്യ ഇതുവരെ കാത്തുസൂക്ഷിച്ച മതേതര സങ്കല്‍പങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഫെഡറല്‍ രീതിയില്‍ നിന്ന് കേന്ദ്രീകൃത അധികാര ഘടനയിലേക്ക് രാജ്യം നീങ്ങുമോ എന്ന ഭീതി ഉയരുന്നു. മതേതര, ജനാധിപത്യ സങ്കല്‍പങ്ങളോട് മമതയില്ലാത്ത ഒരു നേതൃത്വം ഇന്ത്യന്‍ പാരമ്പര്യത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമം നടത്തുകയാണ്.
ഇന്ത്യയെ നാടുവാഴി, ഫ്യൂഡല്‍ സമ്പ്രദായത്തിലേക്ക് മടിക്കിക്കൊണ്ടു പോകാനും വര്‍ണ വ്യവസ്ഥ പുനസ്ഥാപിക്കാനുമാണ് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ ശക്തികളെ ചേര്‍ത്തുനിര്‍ത്തുന്ന ബി.ജെ.പിയും അവരുടെ നേതൃത്വവും ഹിന്ദുത്വ ദേശീയതക്ക് കീഴ്‌പെട്ട് അവരുടെ നിലപാടുകള്‍ പ്രയോഗവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം തുടങ്ങി വ്യക്തി സ്വാതന്ത്ര്യത്തില്‍ വരെ സംഘടിതമായ കയ്യേറ്റം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നേരെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി കടന്നാക്രമണങ്ങള്‍ നിത്യസംഭവമായി മാറി. ഗുജറാത്തില്‍ നടന്ന വംശഹത്യയും തുടര്‍ന്ന് ഗുജറാത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ ഘടനയും രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനുള്ള പരിശ്രമമാണ് ഹിന്ദുത്വ ശക്തികള്‍ ഇപ്പോള്‍ നടത്തുന്നത്. ഹിന്ദുത്വ ശക്തികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ബി.ജെ.പിയാകട്ടെ ഇതിനെല്ലാം ശക്തമായ പിന്തുണ നല്‍കുന്നുവെന്നതാണ് വസ്തുത. ഇതിനെ എതിര്‍ക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരായാലും മാധ്യമ പ്രവര്‍ത്തകരായാലും കലാകാരന്മാരായാലും, പൊലീസുകാരായാലും കൊല്ലപ്പെടുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ഗീയ ലഹളകളായും, വര്‍ഗീയ കലാപങ്ങള്‍ വംശഹത്യയിലേക്കും നീണ്ടുപോകുന്നുവെന്നതാണ് സ്ഥിതി. 2017ല്‍ രാജ്യത്ത് മൂന്നൂറിലേറെ വര്‍ഗീയ കലാപങ്ങളാണുണ്ടായത്. ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളുണ്ടായത് ഉത്തര്‍ പ്രദേശിലാണ്. ഉത്തര്‍പ്രദേശിലും പിന്നീട് ഹിന്ദി സംസ്ഥാനങ്ങളിലെല്ലാം ഗുജറാത്ത് മോഡല്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ ഏതാണ്ട് വിജയം നേടിയിരിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തെ മാധ്യമങ്ങളില്‍ ഏറിയ പങ്കും കാവിവല്‍ക്കരണത്തിനിരയായി എന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യ കൈവരിച്ച ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോകുന്നുവെന്നതാണ് സ്ഥിതി.
ഹിന്ദുത്വ ശക്തികളുടെ പിന്തുണയാല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി ഇന്ത്യയുടെ പൈതൃകത്തേയും ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യബോധത്തേയും സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ, മതേതര സങ്കല്‍പങ്ങളേയും ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റഴിക്കുന്നതിലൂടെ സ്വകാര്യവല്‍ക്കരണം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കുക മാത്രമല്ല, ദേശീയ പ്രസ്ഥാനം വിഭാവനം ചെയ്ത അടിസ്ഥാന വികസന സങ്കല്‍പങ്ങളെ അട്ടിമറിക്കുക കൂടിയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജുഡീഷ്യറിയില്‍ വലിയ ഇടപെടല്‍ നടത്തുന്നു. ഫെഡറല്‍ സംവിധാനത്തിന് മാറ്റം വരുത്താന്‍ നീക്കങ്ങളുണ്ടാകുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന രാഷ്ട്ര സങ്കല്‍പത്തിന് പകരം ഹിന്ദുത്വ ദേശീയതയെ രാഷ്ട്രമായി അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയില്‍ കൃത്രിമം നടന്നുവെന്ന് ആരോപണമുയരുന്നു.
രാജ്യം സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യം, മതേതരത്വം, ഫെഡറല്‍ സംവിധാനം എന്നിവ ഇനി എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ബി.ജെ.പി ഇതര പാര്‍ട്ടികളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ഈ ചോദ്യത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു. ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയത്തെ ശരിയായി അപഗ്രഥിക്കുന്നതില്‍ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ തെളിഞ്ഞ ചിത്രം. 17ാം ലോക്സഭയുടെ ഒന്നാം സെഷനില്‍ സര്‍ക്കാര്‍ 30 ബില്ലുകളാണ് നിയമമാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യു.എ.പി.എ ഭേദഗതി ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍ എന്നിവയടക്കം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ തിരുത്തിയെഴുതി. എന്നാല്‍ പ്രതിപക്ഷം ഐക്യത്തോടെ സര്‍ക്കാരിന്റെ നീക്കങ്ങളെ തടയിട്ടിരുന്നുവെങ്കില്‍ ഇത്ര എളുപ്പത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ സാധ്യമാകുമായിരുന്നില്ല. 600ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്ന ഇന്ത്യയാണ് സ്വാതന്ത്ര്യത്തിന് വേണ്ടി ഒറ്റ ശരീരമായി സമരഭൂമിയിലേക്ക് കുതിച്ചതെന്ന ചരിത്രബോധം ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്കില്ലാതെ പോയി. സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുന്ന രാഷ്ട്രീയ ബോധമാണ് പ്രാദേശിക കക്ഷികളെ നയിക്കുന്നതെങ്കില്‍, ദേശീയ പാര്‍ട്ടികളും താല്‍ക്കാലിക നേട്ടങ്ങളില്‍ അഭിരമിക്കുകയാണെന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്.
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരികള്‍ക്കെല്ലാം ജനാധിപത്യ ബോധം ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഹിറ്റ്‌ലറിന്റേയും മുസ്സോളനിയുടേയും ചരിത്രം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവെന്ന വസ്തുത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, ഒരു ജനതക്കാകെ ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ധീരദേശാഭിമാനികള്‍ ജീവനും രക്തവും നല്‍കി ആര്‍ജ്ജിച്ചെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യയുടെ പൈതൃകങ്ങളെ നിലനിര്‍ത്താനും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാകില്ല. നൂറ്റാണ്ടുകളുടെ അസ്വാതന്ത്ര്യത്തില്‍ നിന്നാണ് ദേശീയ പ്രസ്ഥാനം ഇന്ത്യയുടെ രാഷ്ട്രസങ്കല്‍പം രൂപപ്പെടുത്തിയത്. അത് നിലനിര്‍ത്താന്‍ ദേശീയ പ്രസ്ഥാനം ഉരുവം കൊടുത്ത ദേശീയതാ ബോധത്തിനേ സാധിക്കൂ.

chandrika: