X
    Categories: Views

നല്ല മനുഷ്യനും നല്ല ലോകത്തിനും വേണ്ടി

വെള്ളിത്തെളിച്ചം/ ടി.എച്ച് ദാരിമി

 

വിശുദ്ധ ഖുര്‍ആനിലെ ആറായിരത്തിലധികം വരുന്ന സൂക്തങ്ങളില്‍ ഏറ്റവും സമഗ്രമായ സാര സംഗ്രഹ സൂക്തം. അഥവാ ഖുര്‍ആന്റെ ആശയങ്ങളുടെ ആകെത്തുക ഉള്‍ക്കൊള്ളുന്ന സൂക്തം. അങ്ങനെയുള്ള ഒരു ആയത്തുണ്ടെങ്കില്‍ അത് ഗ്രഹിക്കുക വഴി ഖുര്‍ആന്‍ എന്ന ദിവ്യഗ്രന്ഥത്തിന്റെ മൂല നയത്തിലേക്കും നിലപാടിലേക്കും വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും എന്നതാണ് ഈ അന്വേഷണത്തിന്റെ സാംഗത്യം. അതു ചോദിച്ചുനോക്കാന്‍ ഏറ്റവും അനുയോജ്യനായ സഹാബിയുണ്ട്. അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ). ഖുര്‍ആന്റെ പ്രതിരൂപമായി ജീവിച്ച ഈ സഹാബി, നബിതിരുമേനി വിടപറയുമ്പോള്‍, ഖുര്‍ആന്റെ വചനവും ആശയവും മനപ്പാഠമുണ്ടായിരുന്ന പത്തോളം പേരില്‍ ഒരാളായിരുന്നു. മാത്രമല്ല, നബിക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കാനും തനിമയാര്‍ന്ന പാരായണത്തിന് നബിയുടെ ഉദാഹരണമായി തീരുവാനുമൊക്കെ കഴിഞ്ഞ അപൂര്‍വതകള്‍ അദ്ദേഹത്തില്‍ സമ്മേളിച്ചിട്ടുമുണ്ട്. അദ്ദേഹത്തോട് ചോദിച്ചാല്‍ പറയുന്ന മറുപടി ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്‌റദില്‍ പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഖുര്‍ആനില്‍ അനുവാദങ്ങളും നിഷിദ്ധങ്ങളും കല്‍പനകളും വിരോധനകളും സമഗ്രമായി സംഗ്രഹിച്ച സൂക്തം ‘നിശ്ചയം അല്ലാഹു നിങ്ങളോട് നീതിയും നന്മയും പുലര്‍ത്താനും ബന്ധുക്കള്‍ക്ക് ദാനം ചെയ്യാനും അനുശാസിക്കുന്നു. അവന്‍ നിങ്ങളെ നീചമായതും വെറുക്കപ്പെടുന്നതുമായ കാര്യങ്ങളെതൊട്ടും അതിക്രമം ചെയ്യുന്നതിനെ തൊട്ടും വിരോധിക്കുകയും ചെയ്യുന്നു. ചിന്തിച്ചുപാഠമുള്‍ക്കൊള്ളാനായി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്’ (അന്നഹ്ല്‍: 90) എന്ന ആയത്തല്ലാതെ മറ്റൊന്നുമില്ല’ (അദബുല്‍ മുഫ്‌റദ്). ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള ഒരാളും മറിച്ചൊരു അഭിപ്രായം പറഞ്ഞിട്ടില്ല എന്നുകൂടി കാണുമ്പോള്‍ പിന്നെ അതംഗീകരിച്ച് അതിന്റെ കാര്യ-കാരണങ്ങളെ കുറിച്ചുള്ള തലങ്ങളിലേക്കു കടക്കാം.

മനുഷ്യനും അവന്റെ ഭൗതിക ലോകവുമാണ് ഖുര്‍ആന്റെ പരിധി. ഈ ഭൗതിക ലോകത്ത് മനുഷ്യന്റെ ജീവിതത്തെ ശരിയുടെയും നന്മയുടെയും താളത്തിലേക്ക് കൊണ്ടുവരികയും അതില്‍ അവനെ നിലനിര്‍ത്തി സംരക്ഷിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഇതിനായി ഖുര്‍ആന്‍ വിവരിക്കുന്ന ശരീഅത്ത് നിയമങ്ങളുടെ സംഗ്രഹമാണ് ഈ ആയത്ത്. കാരണം ഈ ആയത്തിലൂടെ ആറ് കാര്യങ്ങളാണ് സ്രഷ്ടാവ് ആവശ്യപ്പെടുന്നത്. മൂന്നെണ്ണം മനുഷ്യനെ സ്വധീനിക്കുന്നവയും മൂന്നെണ്ണം അവന്റെ ലോകത്തെ സ്വാധീനിക്കുന്നവയും. അങ്ങനെ ഈ ആറു കാര്യങ്ങള്‍ പാലിക്കപ്പെട്ടാല്‍ മനുഷ്യനും ലോകവും നന്നാവും. അവയിലൊന്നിനു ഭംഗം വന്നാല്‍ അതിന്റെ വില അവനും പ്രപഞ്ചവും നല്‍കേണ്ടിയും വരും. ആ ആറു കാര്യങ്ങളാണ് ഈ ആയത്ത് ഉള്‍ക്കൊള്ളുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ലോകത്തോട് ഇസ്‌ലാമും ഖുര്‍ആനും പറയുന്നതും പകരുന്നതുമായ തത്വങ്ങളുടെയെല്ലാം സാരാംശം ഈ ആറു കാര്യങ്ങളിലാണ് കുടികൊള്ളുന്നത് എന്നു കാണാം. അന്നഹ്ല്‍ അധ്യായത്തിലെ ഈ 90ാം വചനം ഖുര്‍ആനിലെ ഏറ്റവും സാര സംഗ്രഹമായ സൂക്തമാകുന്നതിനു പിന്നിലുള്ള ന്യായം ഇതാണ്.

വ്യക്തി എന്ന നിലയിലാണ് ഖുര്‍ആന്‍ മനുഷ്യനെ സമീപിക്കുന്നത്. അവന്റെ കുടുംബം, കുലം, നിറം തുടങ്ങിയവയെല്ലാം പിന്നീടാണ് വരുന്നത്. വ്യക്തിയെ സ്ഫുടം ചെയ്യുക, അതുവഴി അവന്റെ ലോകം സ്ഫുടം ചെയ്യപ്പെടും എന്നതാണ് ഖുര്‍ആന്റെ നിലപാട്. അതിനാല്‍ ഖുര്‍ആന്‍ ഈ സൂക്തത്തിലൂടെ മനുഷ്യനെ മൂന്നു ഗുണങ്ങളിലേക്ക് ഉദ്‌ബോധിപ്പിക്കുന്നു. അവയിലൊന്നാമത്തേത് നീതിയാണ്. ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് നീതി. കടമകളും ബാധ്യതകളുമെല്ലാം അടങ്ങുന്നതാണ് നീതി. പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍പെട്ട് നിഷേധിക്കപ്പെടാനുള്ള സാധ്യത കൂടുതലുണ്ട് നീതിക്ക്. അപ്രകാരം തന്നെ സ്വാര്‍ഥത, ഭയം, പ്രലോഭനം തുടങ്ങിയവയിലൊക്കെ അതു തടഞ്ഞുനില്‍ക്കുകയും ചെയ്യാം. അതു തടയപ്പെടുകയോ മുടങ്ങുകയോ ചെയ്യുന്നതാവട്ടെ വ്യക്തിയേയും അവന്‍ വഴി സമൂഹത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യും. കാരണം ഒരിക്കലും മുടങ്ങാന്‍ പാടില്ലാത്ത അനിവാര്യതകളാണ് നീതികളായി വരുന്നത്. അത് മുടങ്ങിയാല്‍ കുലത്തിന്റെ ഒഴുക്ക് കുറയുകയോ നിലക്കുകയോ ചെയ്യും. അതിനാലാണ് നീതി ചെയ്യാന്‍ സ്രഷ്ടാവ് ശക്തമായി കല്‍പ്പിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ സാമൂഹ്യ നിയമങ്ങളെല്ലാം നീതി എന്ന അച്ചുതണ്ടിനെ മാത്രം വലംവെക്കുന്നതാണ്.

നീതി ചെയ്യാന്‍ കല്‍പ്പിക്കുമ്പോള്‍ ആരോട് എന്ന ചോദ്യം സ്വാഭാവികമാണ്. ഇവിടെ ഈ ആയത്തില്‍ അത്തരം വിശദാംശങ്ങളൊന്നും പറയുന്നില്ല. അതിനാല്‍ അത് അര്‍ഥമാക്കുന്നത് വ്യാപകവും വിശാലവുമായ ഒരു അര്‍ഥത്തിലുള്ള നീതിയാണ്. ഇസ്‌ലാമിക ശരീഅത്തും ആ അര്‍ഥത്തിലാണ് നീതിയെ കാണുന്നത്. അഥവാ ഒരു വ്യക്തി തനിക്കു പുറത്തുള്ള എല്ലാവരോടും നീതി കാണിച്ചിരിക്കണം. ഭാര്യയോട്, മക്കളോട്, മാതാപിതാക്കളോട്, സഹോദരങ്ങളോട്, അയല്‍ക്കാരോട്, അതിനുമപ്പുറത്തുള്ളവരോട്, തന്റെ വിശ്വാസാചാരങ്ങള്‍ക്കും രാജ്യത്തിനും ഭൂഖണ്ഡത്തിനും അപ്പുറത്തുള്ളവരോടുമെല്ലാം നീതി കാണിക്കണം. വിദ്വേഷത്തില്‍ തടഞ്ഞുപോലും നീതി മുടങ്ങരുത് എന്ന് ഖുര്‍ആന്‍ തുറന്നുപറയുന്നുണ്ട്. നീതിയുടെ ഭൂമിക അവിടെ നില്‍ക്കുന്നില്ല. അവന്റെ ലോകത്തുള്ള ജീവജാലങ്ങളോടെല്ലാം നീതി കാണിച്ചിരിക്കണം. അറക്കുന്ന മൃഗത്തിന്റെ അവകാശം വേദനയില്ലാതെ മരിക്കുക എന്നതാണ് എന്നു സിദ്ധാന്തിക്കുന്ന ഇസ്‌ലാം കത്തിക്ക് മൂര്‍ച്ചയുണ്ടായിരിക്കണമെന്നും മറ്റൊരു മൃഗത്തിന്റെ മുമ്പിലിട്ടായിരിക്കരുത് എന്നും ഒരുക്കം കഴിഞ്ഞേ അറുക്കാന്‍ കിടത്താവൂ എന്നൊക്കെ പറയുന്നത് ആ നീതി ഉറപ്പുവരുത്താനാണ്. ജന്തു ലോകത്തിനു പുറത്തുള്ള ജീവലോകത്തോടും നാം നീതി കാണിക്കണം. സസ്യങ്ങളെ പരിപാലിക്കാന്‍ ഇസ്‌ലാം പറയുന്നതിനു പിന്നിലെല്ലാം ഈ വികാരം തന്നെയാണ്. അവിടവും കടന്ന് നീതി എന്ന ബോധം സ്വന്തം ഉണ്മയില്‍ വരെ എത്തുന്നു. സത്യവിശ്വാസം, സത്യ സന്ധത, ഊണും ഉറക്കവും വിശ്രമവും എല്ലാം മനുഷ്യന്‍ തന്റെ ശരീരത്തോടും മനസ്സിനോടും സ്വത്വത്തോടുമെല്ലാം ചെയ്യേണ്ട നീതികളായാണ് ഇസ്‌ലാം വിവരിക്കുന്നത്.

ചെയ്യാനുള്ളത് ചെയ്യുക എന്ന് പറയുമ്പോള്‍ ഒരു പട്ടികയില്‍ നോക്കി തികച്ചും യാന്ത്രികമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക എന്നല്ല ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വേണ്ടതിനോടൊപ്പം അല്‍പം അധികം കൂടി ചെയ്യുന്നതാണ് സന്മനസ്സിന്റെസ്വഭാവം. താന്‍ കൊടുക്കേണ്ടതില്‍ സ്വല്‍പം അധികം കൊടുക്കുകയും തനിക്കു കിട്ടാനുള്ളതില്‍ നിന്ന് അല്‍പം വിട്ടുവീഴ്ച ചെയ്യുകയുമൊക്കെ ചെയ്യുമ്പോള്‍ ആ കര്‍മ്മം ഹൃദയത്തെകൂടി സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ഹൃദയ സ്വാധീനമുണ്ടാകാന്‍ ഇസ്‌ലാം പഠിപ്പിക്കുന്ന ഒരു മഹത്തായ മൂല്യമാണ് ഇഹ്‌സാന്‍. ഈ സൂക്തം രണ്ടാമതായി ആവശ്യപ്പെടുന്നത് ഇഹ്‌സാനാണ്. നന്മ ചെയ്യുക എന്നതാണ് അതു വിവക്ഷിക്കപ്പെടുന്നത്. നീതിയെപറ്റി വിവരിച്ച അതേ പരിധി തന്നെയാണ് ഇഹ്‌സാനുമുള്ളത്. നീതി ആരോടെല്ലാം എന്തിനോടെല്ലാം ചെയ്യേണ്ടതുണ്ടോ അവിടെയെല്ലാം നീതിയുടെ നിറവായ ഇഹ്‌സാന്‍ എന്ന നന്മയും ചെയ്തിരിക്കണം. ആരാധനകളുടെ കാര്യത്തില്‍ വരെ ഇഹ്‌സാന്‍ ചെയ്യേണ്ടതുണ്ട്. അല്ലാഹുവിനെ ആരാധിക്കുക എന്നത് നീതിയാണെങ്കില്‍ അവന്‍ മുമ്പിലുണ്ട് എന്ന ഭാവേന ഈ ആരാധനകള്‍ ചെയ്യുന്നത് ഇഹ്‌സാന്‍ ആണ്. മൂന്നാമത്തേത് ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കാനുള്ള ഉദ്‌ബോധനമാണ്. വലിയ സാമൂഹ്യ സമുദ്ധാരണ മനസ്ഥിതി അടങ്ങുന്ന ഒരു നയമാണിത്. ഓരോ മനുഷ്യനും തന്റെ ബന്ധുക്കളെ സഹായിക്കാന്‍ സന്നദ്ധനാവുകയാണെങ്കില്‍ ലോകം ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും അതിവേഗം രക്ഷപ്പെടുന്നതു കാണാം. സഹായങ്ങളുടെ കാര്യത്തില്‍ നബി(സ) പറഞ്ഞു: ‘നിന്റെആശ്രിതരില്‍ നിന്നും തുടങ്ങുക’ (മുസ്‌ലിം). നീതിയും നന്മയും ബന്ധുക്കള്‍ക്കുള്ള സഹായവും ഒരു സമൂഹത്തില്‍ സഗൗരവം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ മനുഷ്യന്റെ ഇടമായ ഭൗതിക പ്രപഞ്ചം ശാന്തവും സമാധാനഭദ്രവും ആയിരിക്കും എന്നതില്‍ സന്ദേഹിക്കുവാനില്ല. അതുകൊണ്ടാണ് ഈ ആയത്തിന്റെ ആശയം മനുഷ്യന്റെ ലോകത്തെ മോചിപ്പിക്കുന്നു എന്ന് പറഞ്ഞത്.

ഇനി മനുഷ്യന്റെ മോചനത്തിനായി ഈ ആയത്ത് മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ കാണാം. മനുഷ്യനില്‍ അല്ലാഹു നിക്ഷേപിച്ചത് വിശുദ്ധമായ ആത്മാവാണ്. അവന്‍ സ്വന്തം കരങ്ങള്‍ കൊണ്ടാണ് അവനെ പടച്ചത്. അതിനാല്‍ നന്മയിലേക്ക് വളരാനുള്ള പ്രത്യേകത അവനില്‍ ജന്മസിദ്ധമാണ്. അവന്റെ കാര്യത്തില്‍ വേണ്ടത് ഈ വിശുദ്ധിയെയും ഔന്നിത്യത്തെയും നഷ്ടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളില്‍ നിന്നും സുരക്ഷിതനായിരിക്കുക എന്നതാണ്. അതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കല്‍പ്പിക്കുകയാണ് ഈ ആയത്തിലൂടെ ഖുര്‍ആന്‍ ചെയ്യുന്നത്. നീച കാര്യങ്ങള്‍, നികൃഷ്ട കാര്യങ്ങള്‍, അതിക്രമങ്ങള്‍ എന്നിവയാണ് അവന്റെ വിശുദ്ധിയും മാന്യതയും നഷ്ടപ്പെടുത്തുക. അതിനാല്‍ അവയില്‍ നിന്ന് അവനെ തടയുകയാണ്. ശരീഅത്ത് അനുവദിക്കാത്തതും ഭൗതികമായോ പാരത്രികമായോ താക്കീതും ശിക്ഷയുമുള്ള വ്യഭിചാരം, മദ്യപാനം തുടങ്ങിയ പ്രവൃത്തികളാണ് നീച കാര്യങ്ങളുടെ പരിധിയില്‍ പെടുന്നത്. മനുഷ്യപ്രകൃതി നിരാകരിക്കുകയും മനുഷ്യന്റെ സാംസ്‌കാരിക അസ്തിത്വത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതാണ് വെറുക്കപ്പെടുന്ന കാര്യങ്ങള്‍ എന്നു വിവരിക്കുന്ന മുന്‍കറുകളില്‍ പെടുന്നത്. മൂന്നാമത്തതാവട്ടെ അതിക്രമങ്ങളാണ്. മനുഷ്യന്‍ മറ്റുള്ളവരോടോ തന്നോടു തന്നെയോ തന്റെ ലോകത്തോടോ എല്ലാം ചെയ്യുന്ന അതിക്രമങ്ങളും അക്രമങ്ങളുമാണ് അവ. ഇവ മൂന്നും ചെയ്യുന്നില്ല എന്നുണ്ടെങ്കില്‍ മനുഷ്യന്‍ മാന്യനും പരിശുദ്ധനുമായിത്തീരും.

chandrika: