X
    Categories: Views

നീലക്കുറിഞ്ഞികള്‍ പൂക്കട്ടെ

രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)

 

അപൂര്‍വ സസ്യത്തിന്റെ സംരക്ഷണത്തിനായി കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആദ്യ വന്യജീവി സങ്കേതമാണ് കുറിഞ്ഞിമല സാങ്ച്വറി. വന്യജീവിയുടെയോ സസ്യത്തിന്റെയോ പേരില്‍ ഒരു പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമ്പോള്‍ ഒരു ഭൂവിഭാഗത്തെ ജൈവ വൈവിധ്യം മുഴുവനായി സംരക്ഷിക്കപ്പെടുന്നു. 2006 ഒക്ടോബര്‍ ആറിന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം കൊട്ടാക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 സര്‍വേ നമ്പര്‍ ഒന്ന്, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 എന്നിവയില്‍ പൂര്‍ണമായും ഉള്‍പ്പെട്ട പ്രദേശം 3200 ഹെക്ടര്‍ വരുന്ന ഭൂമിയാണ് കുറിഞ്ഞിമല വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.

 

ലോകത്ത് ആദ്യമായി നാഷണല്‍ പാര്‍ക്ക് ആയി പ്രഖ്യാപിക്കപ്പെട്ടത് അമേരിക്കയിലെ യെല്ലോ സ്‌റ്റോണ്‍ ആണ്. ഈ പ്രഖ്യാപനത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞ്, 1972 ല്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള മാഗ്‌നാകാര്‍ട്ട ആയ സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. അംഗരാജ്യങ്ങളില്‍ ആതിഥേയരല്ലാതെ സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു. ഈ കണ്‍വെന്‍ഷന്റെ ചുവട് പിടിച്ചാണ് ഇന്ത്യയില്‍ 1972 ല്‍ വന്യജീവി സംരക്ഷണ നിയമം പാസാക്കുന്നത്. ജലസംരക്ഷണ നിയമം (1974), വനസംരക്ഷണ നിയമം (1980), വായു സംരക്ഷണ നിയമം(1981) എന്നിവയും പാസാക്കി. ഈ നിയമങ്ങള്‍ നടപ്പാക്കി മാതൃകയാകേണ്ടവര്‍ തന്നെ ഭൂമി കയ്യേറുകയും ആവാസവ്യവസ്ഥ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ വേലി തന്നെ വിളവ് തിന്നുന്ന അന്തരീക്ഷം ഉണ്ടാകുന്നു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് കൊട്ടാക്കമ്പൂരില്‍ ഭൂമി കയ്യേറിയ സംഭവം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ചപ്പോള്‍ പിതൃസ്വത്തായി ലഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യേറ്റക്കാരനായ എം.പിയെ വെള്ളപൂശുകയാണ് ചെയ്തത്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാഴായി എന്ന് മാസങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞു. വ്യാജ രേഖയാണെന്ന് വ്യക്തമായതിനാല്‍ ജോയ്‌സ് ജോര്‍ജിന്റെ പട്ടയം ദേവികുളം സബ്കലക്ടര്‍ റദ്ദാക്കി. എന്നിട്ടും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറഞ്ഞിട്ടില്ല.

പ്രകൃതിയില്‍ മനുഷ്യര്‍ നടത്തിയ ഇടപെടല്‍ എത്രത്തോളം ഭീകരമാണെന്ന് അറിയണമെങ്കില്‍ ഈ ഭൂമിയില്‍ എത്തിയാല്‍ മതി. കൊട്ടാക്കമ്പൂരിലെ അനധികൃത കയ്യേറ്റം സന്ദര്‍ശിക്കാനാണ് യു.ഡി.എഫ് സംഘം ഇടുക്കിയിലേക്ക് യാത്രയായത്. റോഡോ പ്രത്യേക വഴിയോ ഇല്ലാത്ത പാറക്കല്ലുകള്‍ക്കിടയിലൂടെ ജീപ്പിലായിരുന്നു യാത്ര. വാഹനം പ്രവേശിക്കാന്‍ കഴിയാത്ത പ്രദേശം കഴിഞ്ഞു കാല്‍നടയായി സഞ്ചരിച്ചാണ് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് നിയമവിരുദ്ധമായി കൈവശം വച്ച സ്ഥലത്ത് എത്തിയത്. നടന്ന് പോകുന്ന വഴിയിലെല്ലാം ആ പ്രദേശം കാട്ടുതീ ബാധിച്ചത് പോലെ ചുട്ടെരിച്ചിരിക്കുന്നു. കൂടെയുണ്ടായിരുന്ന നാട്ടുകാരാണ് നീലക്കുറിഞ്ഞി ഇല്ലാതാക്കാന്‍ തീയിട്ട ദുഷ്ടബുദ്ധിയെ കുറിച്ച് വിവരിച്ചു നല്‍കിയത്.

മൂന്നാറിലെ ജനങ്ങള്‍ക്ക് നീലക്കുറിഞ്ഞി ദൈവിക പരിവേഷമാണ്. ചെടിയോ പൂവോ പറിക്കാന്‍ ഇവര്‍ അനുവദിക്കില്ല. 12 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൈവത്തിന്റെ അനുഗ്രഹമായി കരുതുന്നു. വള്ളിദേവിയെ ശ്രീമുരുകന്‍ വിവാഹം കഴിച്ചത് നീലക്കുറുഞ്ഞിയുടെ മാലയിട്ടാണെന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ ചെടിക്കും പൂവിനും ഒരു ദൈവിക പരിവേഷം കിട്ടിയത്. വള്ളി കുറിഞ്ഞി, ചോലൈ കുറിഞ്ഞി, കട്ട കുറിഞ്ഞി, കരിങ്കുറിഞ്ഞി, മയില്‍പീലി പോലെ വിലയുള്ള തോഹൈ കുറിഞ്ഞി എന്നിങ്ങനെ വിവിധ കാലയളവുകളില്‍ പൂക്കുന്ന കുറിഞ്ഞികള്‍ ഉണ്ടെങ്കിലും മലനിറയെ പൂക്കള്‍ മൂടുന്ന നീലക്കുറിഞ്ഞി 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മൊട്ടിടുന്നത്. ഈ വര്‍ഷം കുറിഞ്ഞി പൂക്കുന്ന കാലമാണ്. എട്ടാമത്തെ അത്ഭുതമായി എഴുതി ചേര്‍ക്കാന്‍ പോലും കഴിയുന്ന ഈ കുറിഞ്ഞി ഉദ്യാനം കേരളത്തിന്റെ സ്വകാര്യ അഭിമാനം കൂടിയാണ്. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ തെക്കിന്റെ കശ്മീര്‍ ആയി അറിയപ്പെടേണ്ട കുറിഞ്ഞി ഉദ്യാനം നിര്‍ഭാഗ്യവശാല്‍ കയ്യേറ്റക്കാരുടെ പറുദീസയെന്ന ചീത്തപ്പേരാണ് കേള്‍പ്പിക്കുന്നത്. ചതുപ്പുകള്‍ നികത്താനായി യൂറോപ്യന്മാര്‍ നടുന്ന ഗ്രാന്റീസ് മരങ്ങള്‍ നിറഞ്ഞ കാടായി ഈ പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളും മാറിക്കഴിഞ്ഞു. ഈ മരങ്ങളുടെ സാന്നിധ്യം ആവാസ വ്യവസ്ഥയെ മാറ്റിമറിക്കുകയും വര്‍ഷങ്ങളായി നിലനിന്നിരുന്ന കുറിഞ്ഞി ചെടികള്‍ ഉള്‍പ്പെടെയുള്ളവ വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്തു.
ഗ്രാന്റിസ് മുറിച്ചുനീക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരിന് ഈ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കര്‍ഷകരുടെ കൈവശമുള്ള ഭൂമിയിലുള്ള യൂക്കാലിപ്‌സ്, ഗ്രാന്റീസ് മരങ്ങള്‍ വെട്ടി നീക്കുന്നതിനും നിയമ തടസമുണ്ട്. ഇവയെല്ലാം പിഴുതെറിഞ്ഞ് മൂന്നാറിലെ പ്രകൃതിയെ തിരികെ കൊണ്ടുവരേണ്ടതുണ്ട്.

പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ അഞ്ചുനാട് പ്രദേശത്ത് ചെറിയ ചോലവനങ്ങളും ജലസ്രോതസ്സുകളും ഇനിയും നശിക്കപ്പെടാതെ ബാക്കിയുണ്ട്. കയ്യേറ്റങ്ങളും പ്രകൃതിക്ക് യോജിക്കാത്ത മരങ്ങളും തഴച്ചു വളരുന്നതോടെ ജല ലഭ്യത ഇവിടെ കുറയുന്നു. ശീതകാല പച്ചക്കറിക്ക് പേരുകേട്ട അഞ്ചുനാട് താഴ്‌വരയെ മരുഭൂമിയാക്കി മാറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. കയ്യേറിയവരില്‍ കൂടുതലും സി.പി.എമ്മിന് താല്‍പര്യമുള്ളവരാണെന്ന് കരുതി അവരെ സംരക്ഷിക്കാന്‍ നിലപാടുകളില്‍ വെള്ളം ചേര്‍ക്കരുത്. കൊട്ടാക്കമ്പൂര്‍ സന്ദര്‍ശിക്കാന്‍ പോയ മന്ത്രിമാര്‍ വ്യത്യസ്ത റിപ്പോര്‍ട്ട് നല്‍കുന്നത് കൂട്ടുത്തരവാദിത്വം നശിച്ചതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വന്‍കിട കയ്യേറ്റക്കാര്‍ക്ക് വേണ്ടി ഉദ്യാന വിസ്തൃതി കുറയ്ക്കുമ്പോള്‍ അടുത്ത തലമുറക്ക് വേണ്ടി നാം കാത്ത് സൂക്ഷിക്കേണ്ട സസ്യസമ്പത്തും കുറിഞ്ഞി ചെടികളുമാണ് ഇല്ലാതാകുന്നത്. കേരളത്തിന് ആവശ്യമുള്ള പച്ചക്കറി മുഴുവന്‍ ഈ പ്രദേശത്ത് ഉത്പാദിപ്പിക്കാം. നിലവില്‍ ഇവിടെ നിന്നുള്ള പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ എത്തിച്ചാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഓരോ നാടിനെയും പ്രകൃതി ഓരോ തരത്തിലാണ് അനുഗ്രഹിക്കുന്നത്. കേരളത്തിന് ലഭിച്ച പുണ്യമാണ് നീലക്കുറിഞ്ഞി. ഈ പൂവിനെ സംരക്ഷിക്കേണ്ടത് കേവലം വട്ടവടയുടെയോ മൂന്നാറിന്റെയോ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്.

chandrika: