X

അരുണ്‍ ജെയ്റ്റ്‌ലി വിദഗ്ധ ചികിത്സക്കായി അമേരിക്കയില്‍

ന്യൂഡല്‍ഹി: വിദഗ്ധ ചികിത്സയക്കായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍. അര്‍ബുദ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ജെയ്റ്റ്‌ലി അമേരിക്കയില്‍ വിദഗ്ധ ചികിത്സ തേടിയത്. അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയമാക്കുമെന്നാണ് വിവരം.

കഴിഞ്ഞ മെയില്‍ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അതിനാല്‍ നിലവിലെ ശസ്ത്രക്രിയ സങ്കീര്‍ണമാകുമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശസ്ത്രക്രിയയും കീമോതെറാപ്പിയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. അതിനാല്‍ ജെയ്റ്റിലിയുടെ ചികിത്സാകാലം നീളാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ഫെബ്രുവരി ഒന്നിന് എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജെയ്റ്റ്‌ലിയാണ് അവതരിപ്പിക്കേണ്ടത്. അതിനു മുമ്പ് ചികിത്സ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹം എത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

chandrika: