X

ഡല്‍ഹിയില്‍ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; ആദ്യ ദിനം ലഭിച്ചത് 21000 കോളുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഇനി വീട്ടുപടിക്കലെത്തും.
റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് ആര്‍സി, ആര്‍സിയിലെ വിലാസം മാറ്റല്‍ ഉള്‍പ്പെടെയുള്ള 40 സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡല്‍ഹിയില്‍ ഇന്നലെ തുടക്കമായി.

സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഹോം ഡെലിവറിയായി എത്തിക്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച്ച. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യ ദിനത്തില്‍ ലഭിച്ചത് 21000 കോളുകള്‍, ഇതില്‍ 1286 കോളുകള്‍ അറ്റന്‍ഡ് ചെയ്യപ്പെട്ടു.

സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ സേവനങ്ങള്‍ക്കായി വരിനില്‍ക്കുന്നതിലുള്ള സമയനഷ്ടം ഇനിയുണ്ടാവില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇന്ത്യക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ലഫ്. ഗവര്‍ണറും കേന്ദ്ര സര്‍ക്കാറും പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ജൂലൈയില്‍ ഡല്‍ഹിയിലെ ഭരണസംവിധാനം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പുനരാരംഭിച്ചത്.

റേഷന്‍ സാധനങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും വൈകാതെ അതും യാഥാര്‍ഥ്യമാവുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് 50 രൂപ അധികമായി ഫീസ് ഈടാക്കും. പ്രത്യേക ജീവനക്കാരെ നിയമിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീടുകളില്‍ എത്തിക്കുക. ഡല്‍ഹിയിലെ 11 ജില്ലകളില്‍ ആറു വീതം ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിക്കും.

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററിനെയാണ് ബന്ധപ്പെടേണ്ടത്. ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കും. വിവരങ്ങള്‍ ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ, ബയോമെട്രിക് ഉപകരണങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നല്‍കും. തുടര്‍ന്ന് മുന്‍കൂട്ടി അറിയിച്ച ശേഷമാവും രേഖകള്‍ വീട്ടിലെത്തിക്കുക. ഡ്രൈവിങ് ടെസ്റ്റിനു മാത്രം അപേക്ഷകര്‍ നേരിട്ട് ഓഫിസിലെത്തണം.
തുടര്‍ മാസങ്ങളില്‍ നൂറു സേവനങ്ങളെങ്കിലും പദ്ധതിയിലൂടെ ലഭ്യമാക്കാനാണ് ശ്രമമെന്ന് ഭരണപരിഷ്‌കാര ചുമതലയുള്ള മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.

chandrika: