X

‘താജ്മഹല്‍ അടിമത്തത്തിന്റെ പ്രതീകം, പൊളിച്ചുമാറ്റണം’; അസംഖാന്‍

ന്യൂഡല്‍ഹി: താജ്മഹലിനെ സംബന്ധിച്ച് വീണ്ടും വിവാദങ്ങള്‍ ഉയരുന്നു. താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായാല്‍ താന്‍ അതിനെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ പറഞ്ഞു. യു.പിയുടെ വിനോദസഞ്ചാര പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം.

താജ്മഹലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുമ്പോഴാണ് അസംഖാന്റെ പുതിയ പരാമര്‍ശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണ്. കുറച്ചുകാലങ്ങളായി തുടരുന്ന പ്രശ്‌നമാണിത്. താജ്മഹലും ചെങ്കോട്ടയും പാര്‍ലമെന്റും കുത്തബ്മീനാറും അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. അതുകൊണ്ട് തന്നെ യു.പി സര്‍ക്കാര്‍ ഇവ പൊളിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ പിന്തുണക്കുമെന്നും അസംഖാന്‍ പറഞ്ഞു.

അതേസമയം, താജ് മഹലിനെ ഒഴിവാക്കിയ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി രംഗത്തെത്തി. താജ്മഹല്‍ നമ്മുടെ പൈതൃക കേന്ദ്രവും ലോകത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. താജ് മഹലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: