X

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവായ്പാ നയസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ഉം ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) നാലു ശതമാനമാണ്.

അതേസമയം, സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.7 ആക്കി ചുരുക്കി. നേരത്തെ ഇത് 7.3 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളുടെ ഇടക്കാല വായ്പാ പദ്ധതിയുടെ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) പലിശയിലും മാറ്റം വരുത്തിയില്ല. ഇത് 6.25 ശതമാനമായി തുടരും. അതേസമയം, ബാങ്ക് ക്രഡിറ്റുകളെ നിയന്ത്രിക്കുന്ന സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍) അമ്പത് ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കാനാണ് എസ്.എല്‍.ആര്‍ കുറയ്ക്കുന്നത്.

ജൂണിലെ റെക്കോര്‍ഡ് താഴ്ചയ്ക്കു ശേഷം പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഉപഭോക്തൃത വിലസൂചികയും (സി.പി.ഐ) മൊത്തവില സൂചികയും (ഡബ്യൂ.പി.ഐ) ഉയര്‍ന്നു നില്‍ക്കുകയാണ്. ജൂലൈ-ഓഗസ്റ്റില്‍ ഡബ്യൂ.പി.ഐ 246 ഉം സി.പി.ഐ 182 ഉം ബേസിസ് പോയിന്റാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ 3.36 ശതമാനമാണ് സി.പി.ഐ. ഡബ്യൂ.പി.ഐ 3.24 ശതമാനവും. ഇന്ധന-ഭക്ഷ്യ-പച്ചക്കറി വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതാണ് മൊത്ത വില സൂചികയെ ബാധിച്ചത്. ഇന്ധനവിലയില്‍ മാറ്റങ്ങളില്ലാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം താഴാനിടയില്ലെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആര്‍.ബി.ഐ വീണ്ടും താഴ്ത്തിയത്. 5.7 ശതമാനമാണ് ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ച. അതേസമയം, ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം പ്രധാന മേഖലകളിലെ വളര്‍ച്ചയില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 4.9 ശതമാനമാണ്. ജൂലൈയില്‍ ഇത് 2.9 ശതമാനമായിരുന്നു.
ഒന്നിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍.ബി.ഐ ധനനയ സമിതി തീരുമാനിച്ചത്. നിരക്ക് കാല്‍ശതമാനം കുറയ്ക്കണമെന്നായിരുന്നു രവീന്ദ്ര എച്ച് ധോല്‍കിയയുടെ ആവശ്യം. എന്നാല്‍ ഉര്‍ജിത് പട്ടേല്‍, വിരാള്‍ വിച ആചാര്യ, മൈക്കല്‍ ദെബാബ്രത പത്ര, പമി ദുവ, ചേതന്‍ ഘാട്ടെ എന്നിവര്‍ ഇതിനെ അനുകൂലിച്ചില്ല.

chandrika: