X
    Categories: MoreViews

താരമായി അഷ്‌റഫ് ഹക്കീമി

മാഡ്രിഡ്: ഇവന്‍ അഷ്‌റഫ്… അഷ്‌റഫ് ഹക്കീമി മുഹമ്മദ്… ഇന്നലെ സ്പാനിഷ് പത്രങ്ങളില്‍ ഈ പയ്യന്‍സിന്റെ ചിത്രമുണ്ടായിരുന്നു-സ്പാനിഷ് ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയ പയ്യന്‍സ് എന്ന തലക്കെട്ടില്‍. മൊറോക്കോ വംശജനാണ് അഷ്‌റഫ്. ജനിച്ചതും വളര്‍ന്നതുമെല്ലാം മാഡ്രിഡില്‍. കുട്ടിക്കാലം മുതല്‍ തന്നെ ഫുട്‌ബോള്‍ സ്‌നേഹം. അങ്ങനെ റയല്‍ അക്കാദമിയിലെത്തി. അവിടെ നിന്നും ഇപ്പോള്‍ പതൊമ്പതാം വയസ്സില്‍ സീനിയര്‍ ടീമിലും എത്തി ഗോളടിച്ചു നില്‍ക്കുമ്പോള്‍ ഈ റൈറ്റ് വിംഗ് ടീനേജര്‍ പറയുന്നു-അയാം ഹാപ്പി…!

ലാലീഗയില്‍ സെവിയെക്കെതിരെയായിരുന്നു ഇന്നലെ സ്വന്തം മൈതാനത്ത് റയല്‍ കളിച്ചത്. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായിരുന്നു ഗെയിം. ലാലീഗയില്‍ വളരെ പിറകില്‍ നില്‍ക്കുന്നു ടീം. അവസാന മല്‍സരത്തില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ പോലും സമനില. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ വലിയ വിജയം ആവശ്യമായ മല്‍സരത്തില്‍ പക്ഷേ റയല്‍ മുന്‍നിര അവസരത്തിനൊത്തുയര്‍ന്നു. സൂപ്പര്‍ മെഗാ താരം കൃസ്റ്റിയാനോ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ 5-0ത്തിനായിരുന്നു വലിയ വിജയം. അതിലൊരു ഗോള്‍ അഷ്‌റഫിന്റെ ബൂട്ടില്‍ നിന്ന്.

2006 ലാണ് അഷ്‌റഫ് റയലിലെത്തുന്നത്. 2016 ല്‍ യുവതാരം ഒന്നാം ഡിവിഷന്‍ ടീമിന്റെ പ്രീ സീസണ്‍ ക്യാമ്പിലെത്തി. 2016 ലെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ അഷ്‌റഫ് ടീമിനായി ഇറങ്ങി. പക്ഷേ പി.എസ്.ജിയോട് റയല്‍ 1-3ന് തോറ്റു. വീണ്ടും ബി ടീമിലേക്ക്. അവിടെ മികച്ച പ്രകടനങ്ങള്‍ നടത്തി. ഈ വര്‍ഷം ഓഗസ്റ്റിലാണ് അദ്ദേഹം സീനിയര്‍ ടീമിലെത്തുന്നത്.

ഡാനി കാര്‍വജാലിന് സബ്‌സ്റ്റിറ്റിയൂഷന്‍ എന്ന നിലക്കായിരുന്നു സിദാന്‍ അഷ്‌റഫിനെ വിളിച്ചത്. ഒക്ടോബര്‍ ഒന്നിന് എസ്പാനിയോളിനെതിരായ മല്‍സരത്തില്‍ ലാലീഗ അരങ്ങേറ്റം. രണ്ട് ഗോളിന് ആ മല്‍സരം റയല്‍ ജയിച്ചതോടെ രാശി തെളിഞ്ഞു. ഇന്നലെ സെവിയെക്കെതിരെ ആദ്യ ഗോളുമടിച്ചതതോടെ സിദാന്റെ ഗുഡ് ബുക്കിലേക്ക് വന്നിരിക്കുന്നു കൊച്ചു താരം.

chandrika: