X

ധര്‍മശാലയില്‍ നാണംകെട്ട് ഇന്ത്യ

ധര്‍മശാല: 87 പന്തില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ പൊരുതി നേടിയ 65 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നാണക്കേടിന്റെ തിരുമുറ്റത്ത് എത്തുമായിരുന്നു പുകള്‍പെറ്റ ഇന്ത്യന്‍ ഏകദിന ടീം…… അനുഭവസമ്പത്തിന്റെ ശക്തമായ കരസ്പര്‍ശമുള്ള മഹിയുടെ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ 112 റണ്‍സ് ലങ്കക്ക് വിഷയമേ ആയിരുന്നില്ല. അതിവേഗം, അനായാസം 29.2 ഓവര്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി, ഏഴ് വിക്കറ്റിന്റെ വിജയവുമായി പരമ്പരയില്‍ വ്യക്തമായ ലീഡ് നേടി. ഹിമാലയ സാനുക്കളിലെ തണുപ്പും മഞ്ഞുമെല്ലാമായി ബാറ്റിംഗ് ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 29 റണ്‍സ് എന്ന ദയനീയതയിലായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌ക്കോര്‍ എന്ന വലിയ നാണക്കേടിന് മുന്നിലാണ് മഹി ബാറ്റിംഗിനിറങ്ങിയത്.

സുന്ദരമായ സീമില്‍ സുരംഗ ലക്മാല്‍ 13 റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടി സംഹാര താണ്ഡവം ചെയ്യുമ്പോള്‍ ധോണി ക്ഷമയോടെ പൊരുതിക്കളിച്ചു. കുല്‍ദിപ് എന്ന വാലറ്റക്കാരന്‍ മാത്രം അല്‍പ്പസമയം പിന്തുണ കൊടുത്തു. ആ കരുത്തിലാണ് ടീം സ്‌ക്കോര്‍ 112 വരെ എത്തിയത്. അല്ലാത്തപക്ഷം ഇന്ത്യന്‍ പര്യടനത്തില്‍ തോല്‍വികള്‍് മാത്രം സമ്പാദ്യമാക്കിയ തിസാര പെരേരയുടെ സംഘത്തിനെതിരെ രോഹിത് ശര്‍മയുടെ സംഘം വലിയ നാണക്കേടാവുമായിരുന്നു.അസാധാരണമായ സാഹചര്യമായിരുന്നു ധര്‍മശാലയില്‍. ടോസ് അതിനിര്‍ണായകമായിരുന്നു. അതാവട്ടെ ലങ്കക്കൊപ്പം നിന്നു. പേസര്‍മാരെ ഈ വിധം പിച്ച് തുണക്കുമെന്ന് ആരും കരുതിയില്ല. കൃത്യമായ പന്തുകളായിരുന്നൂു ലക്മലിന്റേത്. ഏത് ബാറ്റ്‌സ്മാനും വീഴും. എല്ലാ പന്തുകളും വിക്കറ്റിലേക്ക് തന്നെ പറന്നു വന്നു.

ശിഖര്‍ ധവാന്‍ എന്ന അനുഭവസമ്പന്നന്‍ തുടക്കത്തില്‍ ബൗളര്‍മാരെ വിറപ്പിക്കാന്‍ നോക്കി. പക്ഷേ എയ്ഞ്ചലോ മാത്യൂസിന്റെ പന്ത് ധവാനെ കീഴടക്കി. രണ്ട് ഓവറിന് ശേഷം രോഹിത് ശര്‍മയെ മനോഹരമായ പന്തില്‍ ലക്മല്‍ തിരിച്ചയച്ചു. ആദ്യ അഞ്ച് ഓവറില്‍ ഇന്ത്യ നേടിയത് കേവലം രണ്ട് റണ്ണായിരുന്നു. പത്ത് ഓവറില്‍ സ്‌ക്കോര്‍ 11 റണ്‍സ് മാത്രം. ഇത്രയും ദയനീയമായ സ്‌ക്കോറിംഗ് റേറ്റ് സമീപകാലത്തൊന്നും ഉണ്ടായിരുന്നില്ല. മനീഷ് പാണ്ഡെ (2), ഹാര്‍ദിക് പാണ്ഡ്യ(10), ഭുവനേശ്വര്‍ എന്നിവരെല്ലാം ലങ്കന്‍ പേസില്‍ അതിവേഗം മടങ്ങി. ദിനേശ് കാര്‍ത്തിക്കിനും(0) ശ്രേയാസ് അയ്യര്‍ക്കും (9) അവസരങ്ങള്‍ പ്രയോജനപ്പെടുപത്താനായില്ല.ഇവിടെ നിന്നുമാണ് ധോണി വരുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ആക്രമണം. വാലറ്റത്തെ സാക്ഷി നിര്‍ത്തി പോരാട്ടവീര്യം. ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് നേടി. 38.2 ഓവറിലാണ് അവസാന സ്ഥാനക്കാരനായി ധോണി പുറത്തായത്. ലങ്ക പരീക്ഷിച്ച എല്ലാ ബൗളര്‍മാരും വിക്കറ്റ് നേടി. ലക്മാല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ഫെര്‍ണാണ്ടോക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. തിസാര പെരേര, മാത്യൂസ്, ധനഞ്ജയ, പതിരാന എന്നിവരും ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ബുംറയിലുടെ ഇന്ത്യക്കും വിക്കറ്റ് ലഭിച്ചു. ഗുണതിലകെ വേഗം പുറത്തായി. തിരിമാനെയും പെട്ടെന്ന് മടങ്ങിയപ്പോള്‍ ചെറിയ പ്രതീക്ഷ കൈവന്നു. പക്ഷേ ഉപുല്‍ തരംഗയും (49), മാത്യൂസും (25 നോട്ടൗട്ട്) ആശങ്കകള്‍ അകറ്റി..

chandrika: