X

നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) പഠന റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ ഏഴ് ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ട് നിരോധനവും ചരക്കു സേവന നികുതിയും (ജി.എസ്.ടി) ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്കിനെ പ്രധാനമായും ബാധിച്ചിട്ടുണ്ട്. കൂടാതെ കാര്‍ഷികരംഗത്ത് കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയെ കാര്യമായി തന്നെ ബാധിച്ചുവെന്നും എഷ്യന്‍ വികസന ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയാണ് ഇന്ത്യന്‍ വളര്‍ച്ചാനിരക്കിന് തിരിച്ചടിയായ ഘടകങ്ങള്‍ എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

2018-2019 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്ത ഉല്‍പ്പാദനത്തിലും (ജി.ഡി.പി) കുറവ് ഉണ്ടാകുമെന്നാണ് എ.ഡി.ബി നിരീക്ഷിക്കുന്നത്. നേരത്തേ 7.4 വളര്‍ച്ച പ്രതീക്ഷിച്ചയിടത്ത് 7.3 ശതമാനമായി വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ട്.

അതേസമയം നോട്ട് നിരോധനത്തിനു പിന്നാലെ ജി.എസ്.ടി നടപ്പാക്കിയത് എറ്റവും കൂടുതല്‍ ബാധിച്ചത് ഉല്‍പ്പാദന മേഖലയെയാണ്. ഈ മേഖലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് ഇതുവരെയായിട്ടില്ല.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ 2018 മാര്‍ച്ച് 31 ന് അവസാനിക്കുന്ന നാലാംപാദത്തില്‍ വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കയുള്ളു. പൊതുമേഖല ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തെപറ്റിയും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017 ആദ്യ കാലഘട്ടത്തില്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമായിരുന്നുവെന്ന് എ.ഡി.ബി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

chandrika: