X

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം: പി.വി സിന്ധു ഫൈനലില്‍; സൈനക്ക് വെങ്കലം

ജക്കാര്‍ത്ത: ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ച് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. . ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-17, 15-21, 21-10.

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ഒളിംപിക്, ലോക ബാഡ്മിന്റണ്‍ വേദികളിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് സിന്ധു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി.

ആദ്യ സെമിയില്‍ ഇന്ത്യക്കായി വെങ്കലം നേടിയ സൈന നെഹ്വാളിനെ തോല്‍പ്പിച്ചാണ് തായ് സൂ ഫൈനലിലെത്തിയത്. തിങ്കളാഴ്ച രാവിലെ നടന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 17-21, 14-21. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊടുത്തായിരുന്നു സൈനയുടെ മടക്കം.

ഇതോടെ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളുമായി ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. ഫൈനസില്‍ പ്രവേശിച്ച പി.വി. സിന്ധു ഇതിനകം തന്നെ വെള്ളി മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.

chandrika: