X
    Categories: MoreViews

കഠ്‌വ: പ്രതികള്‍ ജമ്മുവിലല്ല, ഡല്‍ഹിലാണുള്ളത് കൂട്ടു പ്രതികള്‍ നാഗ്പൂരിലും

 

ബഷീര്‍ വള്ളിക്കുന്ന്

ഒന്ന് മുതല്‍ എട്ട് വരെ പ്രതികളുടെ പേര് ജമ്മു പോലീസ് തയ്യാറാക്കിയ ആസിഫ കേസിന്റെ കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തില്‍ പേരില്ലാത്ത ചിലരുണ്ട്.. അവരാണ് ഈ കേസിലെ ഒറിജിനല്‍ പ്രതികള്‍..

ശ്രദ്ധിച്ച് വായിക്കണം.

ഇത് എട്ടു പേര്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യമല്ല. ആയിരുന്നുവെങ്കില്‍ കുറ്റകൃത്യത്തിന് ശേഷം ആ എട്ട് പേര്‍ ഒറ്റപ്പെടണമായിരുന്നു. അവര്‍ക്ക് വേണ്ടി പ്രകടനം നടത്താന്‍, ദേശീയപതാകയേന്തിയ മന്ത്രിമാരും എം എല്‍ എ മാരും ഉണ്ടാകുമായിരുന്നില്ല, ആ കൊച്ചുകുഞ് കളിച്ചു നടന്ന ഗ്രാമത്തിലെ മനുഷ്യരുണ്ടാകുമായിരുന്നില്ല.

അവരൊക്കെ,
എട്ട് ദിവസം ക്ഷേത്രവളപ്പിലിട്ട് ഒരു പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയെങ്കില്‍, ഇത് എട്ട് പേര് മാത്രം നടത്തിയ പൈശാചികതയല്ല, ഇതൊരു മാസ്സ് മര്‍ഡറാണ്. ആ പെണ്‍കുട്ടിയെ റേപ്പ് ചെയ്തത് എട്ട് പേര് മാത്രമല്ല, എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്ത ആള്‍കൂട്ടം ഒന്നിച്ചാണ്. അവര്‍ ജമ്മുവില്‍ മാത്രമല്ല, ഇവിടെയുമുണ്ട്.. ഈ എഫ്ബിയിലുമുണ്ട്.

ഒരു അത്യാഹിതം നടന്നാല്‍ ജാതിയും മതവും നോക്കാതെ ആശ്വസിപ്പിക്കാന്‍ ആളുകളെത്തും. മനുഷ്യരാണെങ്കില്‍ അതുണ്ടാകും. അതാണ് പതിവ്.. അവിടെ അതുണ്ടായില്ല എന്ന് മാത്രമല്ല, ആ പിഞ്ചുകുഞ്ഞിന്റെ മയ്യത്ത് അവിടെയുള്ള കബറിസ്ഥാനില്‍ മറവ് ചെയ്യാന്‍ പോലും ഗ്രാമീണര്‍ സമ്മതിച്ചില്ല. ഏഴ് മൈലുകള്‍ അപ്പുറമുള്ള മറ്റൊരു ഗ്രാമത്തിലാണ് ആ കുഞ്ഞിനെ മറവ് ചെയ്തത്. തങ്ങള്‍ ജീവിക്കുന്ന ഗ്രാമത്തിലെ മനുഷ്യരൊന്നാകെ പിശാചുക്കളായി രൂപം പ്രാപിച്ചപ്പോള്‍ ആ പാവം കുടുംബത്തിന് സ്വന്തം കൂര ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് വാര്‍ത്ത.

മനുഷ്യത്വമെന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന ഇത്തരമൊരു ഭീകര മാനസികാവസ്ഥയിലേക്ക് ആ ഗ്രാമീണരെ എത്തിച്ചത് ആ എട്ട് പേരല്ല, സാമുദായിക വിദ്വേഷത്തിന്റെ വിഷബീജങ്ങള്‍ വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ ഇന്ത്യയില്‍ നട്ടുവളര്‍ത്തിയവരാണ്. ആ വിഷബീജങ്ങളുടെ പുറത്ത് അധികാരത്തില്‍ എത്തിയവരാണ്. ഇന്ത്യയെന്ന സങ്കല്പം കത്തിയെരിയുമ്പോഴും വീണ വായിച്ചു കൊണ്ടിരിക്കുന്നവരാണ്. രാജസ്ഥാനില്‍ അഫറാസുല്‍ എന്ന കൂലിത്തൊഴിലാളിയെ മഴു കൊണ്ട് വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച ശംഭുലാലിന് അയാളോട് യാതൊരു വ്യക്തിവിരോധവുമുണ്ടായിരുന്നില്ല. അഫ്‌റാസുലിനെ അയാള്‍ അറിയുക പോലുമില്ല. ഒരു മുസ്ലിമിനെ കൊന്ന് കത്തിക്കണം എന്നതായിരുന്നു അയാളുടെ പ്ലാന്‍.. ആ പ്ലാന്‍ ഒരു സുപ്രഭാതത്തില്‍ അയാളുടെ തലയില്‍ വന്നതല്ല, വര്‍ഷങ്ങളെടുത്ത പ്രചാരണങ്ങളിലൂടെ അയാളുടെ തലയില്‍ അത് പ്ലാന്റ് ചെയ്യപ്പെട്ടതാണ്.

മുസ്ലിമെന്നാല്‍ അതൊരു മനുഷ്യനല്ല, അടിച്ചു കൊല്ലേണ്ട ശത്രുവാണെന്ന ബോധ്യത്തിലേക്ക് ഇന്ത്യയിലെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സിനെ എത്തിച്ചതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ള ഒന്നാം പ്രതി ആസിഫയെ കൊന്ന ആ എട്ട് പേരില്‍ ആരുമല്ല. അയാള്‍ ജമ്മുവിലല്ല, ഡല്‍ഹിയിലാണുള്ളത്, കൂട്ട് പ്രതികള്‍ നാഗ്പൂരിലും.

chandrika: