X

വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസം ബി.ജെ.പി സര്‍ക്കര്‍

വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. അടുത്ത 3 മാസത്തേക്ക് ഒരേ മതത്തിലുള്ളവര്‍ തമ്മിലുള്ള ഭൂമി വില്‍പനയ്ക്ക് മാത്രം എന്‍.ഒ.സി നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഉത്തരവ്. ദുരൂഹ മാര്‍ഗങ്ങളിലൂടെ ഇതര മതസ്ഥര്‍ തമ്മില്‍ ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി. തദ്ദേശീയര്‍ക്ക് മാത്രം പട്ടയം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടാന്‍ അസം സര്‍ക്കാര്‍ ശ്രമം നടത്തുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള നിബന്ധനകള്‍ ഹിമന്ത് ശര്‍മ പുറത്തുവിട്ടിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്ലിങ്ങള്‍ക്കിടയില്‍ രണ്ടിലേറെ കുട്ടികള്‍, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്‍ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്ലിംകള്‍ അസമില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഹിമന്ത പ്രസ്തുത നിബന്ധനകള്‍ മുന്നോട്ടുവെച്ചത്.

2011ലെ സെന്‍സസ് പ്രകാരം അസമില്‍ 1.06 കോടി മുസ്ലിംകളാണുള്ളത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 34.22 ശതമാനമായി വരും. അവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തെ നദീതീരങ്ങളില്‍ താമസിക്കുന്ന ബംഗാളി വംശജരായ മുസ്ലിംകളാണ്. ഇവര്‍ പലപ്പോഴും അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നുതായാണ് റിപ്പോര്‍ട്ട്.

webdesk13: