X

കുല്‍ഭൂഷണനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്താന്‍ വിസ നല്‍കി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനായി ഭാര്യയ്ക്കും മാതാവിനും പാകിസ്താന്‍ വിസ നല്‍കി. ഈ മാസം 25ന് ഇസ്‌ലാമാബാദില്‍ എത്തി ഇരുവര്‍ക്കും കുല്‍ഭൂഷണെ കാണാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുവര്‍ക്കുമുള്ള വിസ പാകിസ്താന്‍ ഡല്‍ഹിയിലെ ഹൈകമ്മീഷണ്‍ വഴി നേരിട്ട് നല്‍കുകയായിരുന്നു. കുല്‍ഭൂഷന്റെ ഭാര്യയ്ക്കും മാതാവിനും കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കണെമന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തുടര്‍ച്ചയായി തള്ളിയിരുന്നു. കുല്‍ഭൂഷണ്‍ ഒരു സാധാരണ തടവുകാരനല്ലെന്ന യാഥാര്‍ത്ഥ്യം ഇന്ത്യ മറച്ചു വയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പാക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതോടെ പാകിസ്താന്‍ കുല്‍ഭൂഷന്റെ ഭാര്യയ്ക്കും മാതാവിനും കാണാന്‍ അവസരം ഒരുക്കുകയായിരുന്നു.
നാവികസേനാ ഓഫീസറായിരുന്ന കുല്‍ഭൂഷണന്‍ 2003-ല്‍ വിരമിച്ച ശേഷം ഇറാനിലെ ചാബഹാറില്‍ വ്യാപാരിയായിരിക്കെയാണ് പാക് പട്ടാളം തട്ടികൊണ്ടു പോയത്. എന്നാല്‍, ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന വ്യാജപാസ്‌പോര്‍ട്ടില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ കടന്ന് ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെ കുല്‍ഭൂഷനെ അറസ്റ്റു ചെയ്തുവെന്നാണ് പാകിസ്താന്റെ നിലപാട്. ഇക്കാര്യം രാജ്യാന്തര കോടതിയ്ക്കു നല്‍കിയ മറുപടിയില്‍ പാകിസ്താന്‍ ആവര്‍ത്തിച്ചു. ഇന്ത്യയുടെ ചാരനാണു താനെന്നു ജാദവ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും കോടതിയ്ക്കു നല്‍കിയ വിശദീകരണത്തില്‍ പാകിസ്താന്‍ വ്യക്തമാക്കി.

chandrika: