X

ഹിമാ ദാസിനെ അപമാനിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് രാജ്യത്തിനു വേണ്ടി ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഹിമാ ദാസിനെ അപമാനിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഹിമയുടെ നേട്ടത്തെ അഭിനന്ദിച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ചെയ്ത ട്വീറ്റിലാണ് ഹിമയെ പരിസഹിച്ചത്.
അസം സ്വദേശിയായ ഹിമക്കു ഇംഗ്ലീഷ് അറിയില്ലെന്നായിരുന്നു പരിഹാസം.

‘ഹിമക്ക് ഇംഗ്ലീഷ് അറിയില്ല. പക്ഷെ അവള്‍ അവളുടെ മികച്ച പ്രകടനം കാഴ്ച വെച്ചു. ഹിമാദാസ്, നിന്നെക്കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു.’ ഇതായിരുന്നു ഫെഡറേഷന്റെ ട്വിറ്റ്. എന്നാല്‍ ട്വിറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഹിമാ ദാസ് ഫിന്‍ലാന്റില്‍ പോയത് അതലറ്റിക്‌സില്‍ പങ്കെടുക്കാനാണെന്നും അല്ലാതെ ഇംഗ്ലീഷ് ഭാഷയില്‍ വൈദഗ്ധ്യം നേടാനല്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര്‍ രംഗത്തുവന്നു.


‘താംപെരെയില്‍ ഹിമ എത്തിയത് അവളുടെ കഴിവ് പ്രകടിപ്പിക്കാനാണ്. അല്ലാതെ ഇംഗ്ലീഷിനില്ല. നിങ്ങള്‍ പറഞ്ഞ കാര്യത്തില്‍ നിങ്ങളെക്കുറിച്ച് ലജ്ജിക്കുന്നുവെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഹിമയെ ഫിന്‍ലാന്റിലേക്ക് ക്ഷണിച്ചത് ഇംഗ്ലീഷ് സംസാരിക്കാനല്ല. ഇന്ത്യയില്‍ ഒരുപാട് ഇംഗ്ലീഷ് സംസാരിക്കുന്നവരുണ്ട്. എന്നാല്‍ കുറച്ച് പേര്‍ക്കു മാത്രമേ അത്‌ലറ്റിക്‌സ് കഴിവുള്ളൂ. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ അത്തരം ആളുകളെ അപമാനിക്കുന്നത് ശരിയായ നടപടിയല്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.


പ്രതിഷേധം ശക്തമായതോടെ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ക്ഷമാപണവുമായി രംഗത്തുവന്നു. രാജ്യത്തോട് ഞങ്ങള്‍ മാപ്പു പറയുന്നുവെന്നും ചെറിയ ഗ്രാമത്തില്‍ ജനിച്ച് ഇത്രയും വലിയ നേട്ടം കൈവരിച്ച ഹിമയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും ഫെഡറേഷന്‍ ട്വിറ്റ് ചെയ്തു.
51.46 സെക്കന്റില്‍ ഓടിയെത്തിയാണ് പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 18കാരിയായ ഹിമ ദാസ് ഒന്നാമതെത്തിയത്. ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹിമ.

chandrika: