X

അസാധു കാലത്ത് പണമഴ പെയ്ത് എടിഎം

ജയ്പൂര്‍: നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞിരിക്കുന്ന ബാങ്കുകള്‍ക്ക് അപവാദമായി ഒരു എടിഎം. പണം പിന്‍വലിക്കുന്ന കാര്യത്തില്‍ നിബന്ധനകളാല്‍ തുകയുടെ അളവില്‍ പിടിമുറുക്കുന്ന എടിഎം വ്യവസ്ഥയെയാണ് ഉപഭോക്താക്കള്‍ക്കായി പണമഴ തീര്‍ത്ത് രാജസ്ഥാനിലെ ഒരു എടിഎം തോല്‍പ്പിച്ചത്.

എടിഎമ്മില്‍ കയറി പണം പിന്‍വലിച്ച ഉപഭോക്താവിന് ആവശ്യപ്പെട്ടതിന്റെ മുപ്പത് ഇരട്ടിയാണ് മെഷീന്‍ അനുവദിച്ചത്. 3500 രൂപ പിന്‍വലിച്ച തോങ്ക് സ്വദേശിയായ ദിവാകരനാണ് ലോട്ടറി അടിച്ചപോലെ മെഷീന്‍ 70,000 രൂപ നല്‍കിയത്. എന്നാല്‍ ഇത് ദിവാകറിന്റെ മാത്രം അനുഭവമല്ലെന്നും മണിക്കൂറുകള്‍ നീണ്ട എ.ടി.എമ്മിന്റെ തകരാറുമൂലം പ്രദേശത്തെ നിരവധി പേര്‍ കാശുകാരായെന്നുമാണ് വിവരം.

നോട്ട് അസാധു കാലത്തെ അസാധാരണ സംഭവത്തിന് രാജസ്ഥാന്റെ തലസ്ഥാനത്തെ ബാങ്ക് ഓഫ് ബറോഡയുടെ എടിഎമിനുണ്ടായ തകരാറാണ് കാരണമായത്. ജയ്പൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 100 രൂപാനോട്ടുകളുടെ സ്ഥാനത്ത് 2000 രൂപ വന്നതാണ് തകരാറിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പണം പിന്‍വലിച്ച ദിവാകരാണ് എ.ടി.എമ്മിലെ നോട്ട് മഴ വിവരം ബാങ്ക് അധികൃതരെ അറിയിച്ചത്. അധികൃതരെത്തി അടച്ചുപൂട്ടിയപ്പോഴേയ്ക്കും 6.76 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരമെന്ന് ബാങ്ക് ചീഫ് മാനേജര്‍ ടോങ്ക് ഹരിശങ്കര്‍ മീണ പറഞ്ഞു. ദിവാകറിനും മുമ്പ് കുറഞ്ഞത് 10 പേര്‍ക്കെങ്കിലും അധികത്തുക ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. പണം പിന്‍വലിച്ചവരെ സംബന്ധിച്ച വിവരം കണ്ടെത്താനായി പൊലീസില്‍ പരാതി ഫയല്‍ ചെയ്യുമെന്നും മീണ അറിയിച്ചു

chandrika: