X

ഹിജാബ് വിലക്കിനെതിരെ ഹരജി നല്‍കിയ വിദ്യാര്‍ഥിനിയുടെ പിതാവിന്റെ കടക്ക് നേരെ ആക്രമണം

ഹിജാബ് വിലക്കനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയ വിദ്യാര്‍ഥിനിയുടെ പിതാവിന്റെ കടയ്ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി ഒമ്പത് മണിയോടയാണ് ആക്രമണം ഉണ്ടായത്.ഹരജിക്കാരുടെ പിതാവ് ഉഡുപ്പിയില്‍ നടത്തുന്ന ഹോട്ടലാണ് ആക്രമിക്കപ്പെട്ടത്. ആക്രമി സംഘം മദ്യപിച്ച് എത്തി ഹോട്ടലിനു നേരെ കല്ലെറിയുകയും പരാതിക്കാരിയുടെ സഹോദരനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.ആക്രമണത്തില്‍ സഹോദരന് പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ന്നു.

സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ഥിനി തന്നെ രംഗത്ത് എത്തി.’എന്റെ സഹോദരനെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഞാന്‍ എന്റെ അവകാശമായ ഹിജാബിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണിത്. ഞങ്ങളുടെ സ്വത്തുവകകളും ആക്രമിക്കപ്പെട്ടു. എന്തിന്? എനിക്ക് എന്റെ അവകാശം ചോദിക്കാന്‍ കഴിയില്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു’- ഉഡുപ്പി പൊലീസിനെ ടാഗ് ചെയ്താണ് വിദ്യാര്‍ഥിനിയുടെ ട്വീറ്റ്.

നേരെത്തെ ഹരജിക്കാരുടെ പേര് വിവരങ്ങള്‍ ബിജെപി സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു.പ്രതിഷേധം ഉയര്‍ന്നതോടെ ഇത് ഡീലീറ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ ഇപ്പോഴും കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ആക്രമണം.സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

 

web desk 3: