X

വെള്ളമടി ചോദ്യം ചെയ്തതിന് എസ്എഫ്‌ഐ നേതാവ് ആളെക്കൂട്ടി വീട് ആക്രമിച്ചെന്ന് ആരോപണം

കോട്ടയം: വീടിന് മുമ്പിലെ റോഡരികില്‍ കാറിനുള്ളിലിരുന്ന് വെള്ളമടിക്കുന്നത് ചോദ്യം ചെയ്തയാളിന്റെ വീടിന് നേരെ ആക്രമണം. എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിന്റെ നേതൃത്വലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് വീട്ടുകാരന്‍ പൊലീസിന് മൊഴി നല്‍കി. ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ആക്രമണം നടത്തിയ സംഘം വധഭീഷണി മുഴക്കിയാണ് മടങ്ങിയതെന്ന് ഗൃഹനാഥന്‍ സുകു പറഞ്ഞു.

കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപം കല്ലുമട റോഡില്‍ വി.കെ സുകുവിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. വീടിന് സമീപം പാര്‍ക്ക് ചെയ്ത കാറിലിരുന്ന് വെള്ളമടിക്കുകയായിരുന്ന ചെറുപ്പക്കാരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം. വീടിന് സമീപത്ത് നിന്ന് കാര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ അസഭ്യവര്‍ഷമായിരുന്നു. ഇതോടെ വീട്ടിലേക്ക് പോയ സുകുവിനെ ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

ആദ്യ തവണ കല്ലെറിഞ്ഞും ചീത്ത വിളിച്ചും ആക്രമിച്ചപ്പോള്‍ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ ആളെക്കൂട്ടി വന്നായിരുന്നു പിന്നീടുള്ള ആക്രമണം. എസ്എഫ്‌ഐ കോട്ടയം ജില്ല സെക്രട്ടറി റിജേഷ് കെ.ബാബുവും മറ്റു രണ്ടുപേരുമായിരുന്നു കാറില്‍ ആദ്യമുണ്ടായിരുന്നത്. ഇവരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു തുടര്‍ന്നുള്ള പരാക്രമണങ്ങളെന്നും സുകു പൊലീസിന് മൊഴി നല്‍കി.

വീട്ടുകാരന്‍ നല്‍കിയ കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കോട്ടയം പൊലീസ് കേസെടുത്തു.

അതേസമയം, എസ്എഫ്‌ഐ നേതാവ് വെള്ളമടിച്ച് ആക്രമിച്ചെന്ന വാര്‍ത്ത സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് നിഷേധിച്ചു. റിജേഷ് ആസ്പത്രിയില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ പങ്ക് ബോധ്യപ്പെട്ടാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

chandrika: