X

സമാറയിലെ സമാധാന യുദ്ധം; ഓസ്‌ട്രേലിയക്കിനി പെട്ടി കെട്ടാം

ഡെന്‍മാര്‍ക്ക് 1 – ഓസ്‌ട്രേലിയ 1

ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഫിഫയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാചകം ഇപ്രകാരമായിരുന്നു: A decent half of football in Samara! മത്സരം പൂര്‍ത്തിയായപ്പോഴും അത് അങ്ങനെ തന്നെ തുടര്‍ന്നു. മര്യാദക്ക്, എന്നാല്‍ അസാധാരണമായ മികവിന്റെയോ അത്ഭുതക്കാഴ്ചകളുടെയോ അലങ്കാലരമില്ലാതെ രണ്ടു ടീമുകളും കളിച്ചു. ആരും ജയിച്ചില്ല, ആരും തോറ്റതുമില്ല. പക്ഷേ, അന്തിമ വിശകലനത്തില്‍ ലാഭം ഡെന്‍മാര്‍ക്കിനു തന്നെ. ഏഴാം മിനുട്ടില്‍ നേടിയ ഗോള്‍ അവസാനം വരെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കങ്കാരുക്കള്‍ തീകൊടുത്ത മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് ഊരിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രണ്ടാം റൗണ്ട് സ്വപ്‌നങ്ങള്‍ക്ക് നിറംപകരാനും.

ആദ്യമത്സരത്തില്‍ ഫ്രാന്‍സിനെ കഷ്ടപ്പെടുത്തി ഫുട്‌ബോള്‍ പ്രേമികളെ ഇംപ്രസ് ചെയ്ത ഓസ്‌ട്രേലിയ അതേശൈലിയില്‍ തന്നെയാണ് കളിച്ചത്. തന്ത്രങ്ങളില്‍ നേരിയ ഒരു മാറ്റമുണ്ടായത് മിഡ്ഫീല്‍ഡില്‍ മാത്രമാണ്. 4-4-1-1 ശൈലിയില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായ യെദിനാകും മൂയ്‌യും പൊസിഷന്‍ പരസ്പരം മാറിക്കളിച്ചതു മാത്രം. 4-2-3-1 ശൈലിയില്‍ ഡെന്‍മാര്‍ക്കും കളിച്ചു. പന്ത് കാലില്‍വെച്ചു കളിക്കുക എന്നത് അവരുടെ അജണ്ടയിലുണ്ടായിരുന്നില്ല എന്നു തോന്നി. അവസരം കിട്ടുമ്പോള്‍ പരമാവധി കയറിക്കളിക്കുക; അല്ലാത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ വഴിമുടക്കുക എന്നതാണ് കണ്ടത്.

പത്താം മിനുട്ടില്‍ ലഭിച്ച മനോഹര ഗോള്‍ മുഴുസമയം പ്രതിരോധിക്കുക നടക്കുന്ന കാര്യമല്ലെന്ന് – കളി പൂര്‍ണ മനസ്സോടെ കണ്ടില്ലെങ്കിലും – യൂറോപ്യന്മാരുടെ നീക്കങ്ങളില്‍ നിന്ന് എനിക്കു തോന്നിയിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യത്തിന്റെ രൂപത്തിലാണ് അവര്‍ക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നത്. ബോക്‌സില്‍ വെച്ചുള്ള പോരാട്ടത്തിനിടെ പോള്‍സന്‍ പന്ത് കൈകൊണ്ട് തൊട്ടത് മനഃപൂര്‍വമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കൈ ശരീരത്തില്‍ നിന്ന് പുറത്തായതിനാല്‍ വി.എ.ആര്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും. ആദ്യ മത്സരത്തില്‍ നായകനായ പോള്‍സണ് ഇത്തവണ വില്ലനാവേണ്ടി വന്നു. യെദിനാക് ആവട്ടെ, ഒരു മനശ്ചാഞ്ചല്യവുമില്ലാതെ പന്ത് വലയിലാക്കുകയും ചെയ്തു. പോള്‍സണ് മഞ്ഞക്കാര്‍ഡ് കൊടുത്തത് എന്തിനെന്നു മാത്രം മനസ്സിലായില്ല. ആ തീരുമാനം ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ വിഷമിപ്പിക്കും.

ഓസ്‌ട്രേലിയക്ക് ഈ മത്സരം നിര്‍ണായകമായിരുന്നു; ജയിക്കേണ്ടതും ജയിക്കാവുന്നതുമായിരുന്നു. പക്ഷേ, പന്ത് റിക്കവര്‍ ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഡെലാനി, ഷോണ്‍ എന്നിവര്‍ക്കു മുന്നില്‍ ലെക്കിയും മൂയും റോജിച്ചുമെല്ലാം വിഷമിച്ചു. നബൗട്ടിനെ ഗോള്‍ ഏരിയയില്‍ നിരായുധനാക്കുന്ന വിധത്തില്‍ സിമോണ്‍ ക്ഷാറും ക്രിസ്റ്റിയന്‍സനും തിളങ്ങുകയും ചെയ്തു; അത് മിക്കപ്പോഴും ഭാഗ്യത്തിന്റെ സഹായത്തോടെ ആയിരുന്നെങ്കില്‍ പോലും.

പീറ്റര്‍ ഷ്‌മൈക്കല്‍ എന്ന ഇതിഹാസത്തിനൊപ്പം നില്‍ക്കാനുള്ള പ്രതിഭ മകന്‍ കാസ്പറിനുമുണ്ടെന്നത് പെറു-ഡെന്മാര്‍ക്ക് മത്സരത്തില്‍ തന്നെ തെളിഞ്ഞതാണ്. ഇന്ന് ഓസീസിന് ലഭിച്ച മികച്ച അവസരങ്ങളിലും കാസ്പര്‍ കഴിവു തെളിയിച്ചു. അതേസമയം, 180 മിനുട്ട് കളിച്ചിട്ടും ഒരു ഫീല്‍ഡ് ഗോള്‍ വഴങ്ങിയിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് മിക്കവാറും ഡെന്‍മാര്‍ക്കിന്റെ ഡിഫന്‍സിനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിനുമുള്ളതാണ്. അവസാന ഘട്ടങ്ങളിലെ സമ്മര്‍ദം കൈകാര്യം ചെയ്ത രീതിയില്‍ നിന്നു മനസ്സിലാക്കാം ഡെന്‍മാര്‍ക്കിന്റെ പ്രതിരോധത്തെ വിലകുറച്ചു കാണാന്‍ കഴിയില്ലെന്ന്.

ഓസ്‌ട്രേലിയക്ക് നാട്ടിലേക്കുള്ള ടിക്കറ്റുറച്ചു എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. പെറു-ഫ്രാന്‍സ് മത്സരഫലം എന്തായിരുന്നാലും പെറുവിനെ അവസാന മത്സരത്തില്‍ തോല്‍പ്പിക്കുക എന്നത് അവര്‍ക്ക് എളുപ്പമല്ല. പക്ഷേ, പന്തുകളിയാണ്; എന്തും സംഭവിക്കാം.

chandrika: