X
    Categories: gulfNews

അബുദാബിയിലെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്ക് മികച്ച താമസ സൗകര്യമൊരുക്കി അധികൃതര്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗ്യാസ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചവര്‍ക്ക് അധികൃതര്‍ മികച്ച താമസ സൗകര്യമൊരുക്കി.

അപകടമുണ്ടായ ഉടനെത്തന്നെ അപകടം നടന്ന കെട്ടിടത്തിനുപുറമെ സമീപത്തെ ആറു കെട്ടിടങ്ങളിലെയും മുഴുവന്‍ താമസക്കാരെയും മാറ്റിയിരുന്നു. ഇവര്‍ക്ക് ഹോട്ടലുകളിലും വിവിധ അപ്പാര്‍ട്ടുമെന്റുകളിലുമാണ് അധികൃതര്‍ താമസ സൗകര്യമൊരുക്കിയത്.

അടിയന്തിര സാഹചര്യങ്ങളില്‍ കെട്ടിടങ്ങളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുമ്പോള്‍ എന്നും നക്ഷത്ര ഹോട്ടലുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമാണ് അബുദാബി ഭരണകൂടം താമസസൗകര്യം നല്‍കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതരില്‍നിന്ന് ലഭിക്കുന്ന മുന്തിയ പരിഗണന വലിയ ആശ്വാസമാണ് നല്‍കുന്നത്.

കോവിഡ് കാലത്തും ആയിരക്കണക്കിനുപേര്‍ക്ക് സൗജന്യമായി നക്ഷത്ര ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യം ചെയ്തിരുന്നു. മാനുഷിക പരിഗണന നല്‍കി അധികൃതര്‍ നല്‍കുന്ന ഇത്തരം സേവനങ്ങള്‍ പ്രശംസനീയമാണെന്ന് പാശ്ചാത്യ രാജ്യങ്ങളില്‍നിന്നുള്ളവര്‍പോലുംഅഭിപ്രായപ്പെടുന്നു.

തിങ്കളാഴ്ച അബുദാബി ഖാലിദിയ്യയിലെ ഷൈനിംഗ് ടവറിന് പിറകുവശത്തെ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ മരണമാണ് ഇതുവരെ പൊലീസ് അറിയിച്ചത്. 120 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ക്ക് മികച്ച ചികിത്സാ സൗകര്യമാണ് വിവിധ ആശുപത്രികളില്‍ നില്‍കിക്കൊണ്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അധികൃതര്‍ അനുശോചനമറിയിക്കുകയും പരുക്കേറ്റവര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്.

web desk 3: