X

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം; മുരളീധരന്‍ എം.പി

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് കെ മുരളീധരന്‍. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപി ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാല്‍ ഈ മാനദണ്ഡത്തില്‍ കൃഷ്ണന്‍ കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം തയ്യാറായില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും തെലങ്കാനയില്‍ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തെലങ്കാനയിലെ കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ മുരളീധരന്‍.

അതേസമയം കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചതായി ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗൗഡയുടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍.

‘കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. പാര്‍ട്ടിയുടെ ഒരു എം.എല്‍.എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ഒരുമിച്ച് പോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമ്മതം തന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബി.ജെ.പിക്കൊപ്പം ചേരുന്നതിന് പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണ്’ ദേവഗൗഡ വ്യക്തമാക്കി. എന്‍.ഡി.എ സഖ്യത്തെ തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസ് കേരള ഘടകത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബി.ജെ.പി സഖ്യത്തെ തള്ളാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം ദേവഗൗഡയെ നേരില്‍ അറിയിച്ചിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചത്.

webdesk13: