X
    Categories: indiaNews

അങ്ങേയറ്റത്തെ നിയമലംഘനമെന്ന് സുപ്രിംകോടതി, തെളിവില്ലെന്ന് വിചാരണക്കോടതി- ബാബരിയിലെ രണ്ടു വിചിത്ര വിധികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ വിമര്‍ശനം ശക്തം. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങളുടെ കടകവിരുദ്ധമാണ് വിചാരണക്കോടതി വിധി എ്ന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2019 നവംബറില്‍ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവം നടത്തവെയാണ് പള്ളി പൊളിച്ചത് നിയമലംഘനമാണ് എന്ന് പരമോന്നത കോടതി വിശേഷിപ്പിച്ചിരുന്നത്.

അങ്ങേയറ്റത്തെ നിയമലംഘനം(egregious violation of the rule of law) എന്നാണ് സുപ്രിം കോടതി അന്ന് പള്ളി പൊളിച്ചതിനെ വിശേഷിപ്പിച്ചിരുന്നത്. ഇതോടൊപ്പം ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി ക്ഷേത്രത്തിനായി വിട്ടു കൊടുക്കാനും കോടതി ഉത്തരവിട്ടു. പകരം അയോധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം പള്ളിക്ക് നല്‍കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു.

‘1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കപ്പെട്ടു. ഈ കോടതി നല്‍കിയ ഉറപ്പിന്റെയും സ്റ്റാറ്റസ്‌കോ ഉത്തരവിന്റെയും ലംഘനമായിരുന്നു പള്ളിയുടെ തകര്‍ച്ച. പള്ളി പൊളിച്ചത് അങ്ങേയറ്റത്തെ നിയമലംഘനമായിരുന്നു’ – എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് നിരീക്ഷിച്ചിരുന്നത്.

ഇതിന് കടകവിരുദ്ധമായാണ് ഇന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ന്യായം. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു, പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമായിരുന്നില്ല എന്നാണ് പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവ് നിരീക്ഷിച്ചത്.

രണ്ടായിരം പേജ് വരുന്നതാണ് വിധി. ഇതില്‍ പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്നതാണ് സുപ്രധാന നിരീക്ഷണം. പള്ളി പൊളിക്കുന്ന വേളയില്‍ നേതാക്കള്‍ ആള്‍ക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചു, അക്രമത്തിന് പ്രേരിപ്പിച്ചില്ല എന്നും വിധിയില്‍ പറയുന്നു. ഹൈന്ദവ ദൈവത്തിന്റെ വിഗ്രഹമുള്ളതു കൊണ്ടു തന്നെ കെട്ടിടം സുരക്ഷിതമായിരിക്കാന്‍ അശോക് സിംഗാള്‍ ആവശ്യപ്പെട്ടു എന്നും ജഡ്ജ് പറഞ്ഞു.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയ 22 പേര്‍ കോടതിയില്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു.

 

Test User: