X

ബാബരി വിധി അതീവ നിരാശാജനകം; ഇത്തരം വിധികള്‍ ജുഡീഷ്യറിയെ നശിപ്പിക്കുന്നു; കാന്തപുരം

Kanthapuram A. P. Aboobacker Musliyar. (File Photo: IANS)

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശാജനകമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. യൂട്യൂബ് വീഡിയോയിലൂടെയാണ് കാന്തപുരം നിലപാടറിയിച്ചത്.

ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്‍പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്-കാന്തപുരം പറഞ്ഞു.

ഇന്ത്യയുടെ മതേതരത്വത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് പള്ളി തകര്‍ത്ത സംഭവം. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയാണ് ആ പള്ളി പൊളിച്ചു കളഞ്ഞത്. പ്രതികള്‍ ചിലര്‍ രാജ്യം മുഴുവന്‍ യാത്ര നടത്തി വര്‍ഗീയ പ്രചാരണം നടത്തുകയും വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ ക്യാമ്പയിന്‍ നടത്തിയതുമാണ്. അവരെയെല്ലാം വെറുതെ വിടുകയും അവരാണ് അക്രമികളെ തടയാന്‍ ശ്രമിച്ചവരെന്ന് സ്ഥാപിക്കുകയും ചെയ്ത കോടതി വിധി വളരെ ദുഃഖകരമാണ്. ഇത്തരം വിധികള്‍ രാജ്യത്തിന്റെ സല്‍പേര് കളയാനും ജുഡീഷ്യറിയെ നശിപ്പിക്കാനുമാണ് ഉപകരിക്കുക. ഇത് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ടെന്ന് കാന്തപുരം വ്യക്തമാക്കി.

ഭരണകൂടത്തിന് വരുന്ന തെറ്റുകള്‍ തിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ദൗത്യമാണ് കോടതികള്‍ക്കുള്ളതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

 

 

web desk 1: