X
    Categories: businessNews

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുമോ?

കൊച്ചി: ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുമ്പോള്‍ വാണിജ്യരംഗത്തുണ്ടാവുന്ന പ്രതിസന്ധി സ്വര്‍ണവിപണിയെ എങ്ങനെ ബാധിക്കും? കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സ്വാഭാവികമായും ഒരു സാധാരണക്കാരനായ ഉപഭോക്താവിന്റെ മനസ്സിലുണ്ടാവുന്ന സംശയമാണിത്. കേരളത്തിലും കോവിഡിന്റെ രണ്ടാം തരംഗമുണ്ടെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് വാണിജ്യവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം പൂര്‍ണവിജയം കൈവരിക്കാത്തതും കോവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതും ലോകവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വിപണി പ്രതിസന്ധി നേരിടുമ്പോള്‍ നിക്ഷേപങ്ങള്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ കേന്ദ്രീകരിക്കപ്പെടുന്നത് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാവും. ലോകസാമ്പത്തിക മേഖല ഇനിയും കരുത്താര്‍ജ്ജിക്കാത്ത പക്ഷം സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടാവില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ഓഗസ്റ്റ് ആദ്യവാരത്തിലാണ് സ്വര്‍ണത്തിന് കേരളത്തിന് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 42,000 കടന്നാണ് അന്ന് സ്വര്‍ണവില കുതിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ഇടിഞ്ഞു. 37,360 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 21നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 38,160 രൂപ. സെപ്റ്റംബര്‍ 24നായിരുന്നു ഈ മാസത്തെ കുറഞ്ഞ വില. 36,720 രൂപ അന്ന് പവന് വില.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കോവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ വൈകുന്നതും കോവിഡിന്റെ രണ്ടാം തരംഗവും വിപണിയെ കാര്യമായി ബാധിച്ചേക്കും. സ്വര്‍ണവിപണി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന ഒരു സ്ഥിതിയിലേക്കെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: