X

വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പിന്നാമ്പുറം

റസാഖ് ആദൃശ്ശേരി

കേരളത്തിലെ മത സാമൂഹിക രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലുള്ളത്. ഇതിന്റെ കരട് സ്‌കൂളുകളിലും മറ്റും പൊതു ചര്‍ച്ചക്ക് വിധേയമാക്കിയെങ്കിലും തീരുമാനമാകുന്നതിനു മുമ്പ് തന്നെ ഇതിലെ പല നിര്‍ദേശങ്ങളും ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. കലാലയങ്ങളില്‍ ജെന്‍ഡര്‍ ക്ലബുകള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത് ഇതിനുള്ള ഉദാഹരണമാണ്. സ്‌കൂളുകളിലും കോളജുകളിലും ‘ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക, ലിംഗഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, വിനോദം, സ്‌പോര്‍ട്‌സ്, കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ജെന്‍ഡര്‍ ക്ലബുകളുടെ ലക്ഷ്യമായി പറയുന്നത്. നവംബര്‍ 30 വരെ പരിഷ്‌കരിച്ച കരട് രേഖയെ കുറിച്ച് ജനകീയ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ സമയം നല്‍കിയിരിക്കെ, ഇതിനു മുമ്പ് തന്നെ പിന്‍വാതില്‍ വഴി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിന്റെ ഒളിയജണ്ടകള്‍ വ്യക്തമാണ്.

വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങള്‍ ലോകമെങ്ങും ഒട്ടനവധി രാജ്യങ്ങളില്‍ നടക്കുന്ന കാര്യമാണ്. 1990 നു ശേഷമാണ് ഇന്ത്യയില്‍ ഇതിനു തുടക്കം കുറിച്ചത്. അതുവരെ നാം തുടര്‍ന്നു വന്നിരുന്ന സാമ്രാജ്യത്വ വിരുദ്ധ വിദേശനയം ഉപേക്ഷിച്ചു ആഗോളവല്‍ക്കരണ ശക്തികള്‍ക്കായി ഇന്ത്യയുടെ കവാടങ്ങള്‍ തുറന്നു വെച്ചതിനു ശേഷമായിരുന്നു അത്. അമേരിക്കയടക്കമുള്ള ലോകത്തിലെ കുത്തക സാമ്പത്തിക ശക്തികള്‍ ലാഭമുണ്ടാക്കാനും തങ്ങളുടെ വികലമായ ചിന്താധാരകള്‍ നടപ്പിലാക്കാനും വിദ്യാഭ്യാസത്തെ ഉപാധിയാക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് മൂല്യശോഷണം ആരംഭിക്കുകയായിരുന്നു. തങ്ങളുടെ ഇച്ഛകള്‍ക്കനുകൂലമായ രീതിയില്‍ ലോക ജനതയുടെ ജീവിതത്തെ മാറ്റിപ്പണിയാന്‍ വിവിധ പരിപാടികളാണ് അവര്‍ ആവിഷ്‌കരിച്ചത്. ഇതിനുള്ള എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നല്‍കാന്‍ ലോകബാങ്ക് തയ്യാറാവുകയും ചെയ്തു. അതോടു കൂടി വിദ്യാഭ്യാസ പരിഷ്‌ക്കരണ പദ്ധതികള്‍ക്ക് വേഗം കൂടി.

ഇന്ത്യയില്‍ പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത് ബി.ജെ.പി സര്‍ക്കാരായിരുന്നു. ‘ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2000’ എന്ന പേരില്‍ പുറത്തിറക്കിയ രേഖയില്‍ ‘സാമൂഹിക ജഞാനനിര്‍മ്മിതി വാദം’ അടിസ്ഥാന സമീപനമായി ഉയര്‍ത്തിയെങ്കിലും, കാവി വല്‍ക്കരണത്തിനു അവര്‍ പ്രത്യേകം ഊന്നല്‍ നല്‍കി. അടുത്ത തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌കൊണ്ട് അത് നടപ്പിലാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ ശ്രമങ്ങള്‍ക്ക് വീണ്ടും വേഗതയേറി. വിദ്യാഭ്യാസ മേഖലയെ അധീനതയിലാക്കുന്നതോടെ, അഥവാ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പിടിക്കുന്നതിലൂടെ തലമുറകളെ വരുതിയിലാക്കാമെന്ന അധികാര വിദ്യാഭ്യാസതന്ത്രം ബുദ്ധിപൂര്‍വ്വം സംഘ്പരിവാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാവിയുടെ പ്രത്യയശാസ്ത്രം അതിവിദഗ്ധമായി പാഠപുസ്തകങ്ങളില്‍ കുത്തിനിറച്ചു പിഞ്ചുമനസ്സുകളെ ഹൈന്ദവല്‍ക്കരിക്കാനുള്ള ശ്രമം ആര്‍.എസ്.എസ് തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഭാരതീയ പാരമ്പര്യമെന്ന പേരില്‍ തികച്ചും ഹൈന്ദവമായ ജീവിതരീതി പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കുകയാണ് ഇതിലൂടെ. തങ്ങളുടെ രീതിശാസ്ത്രം ഒഴിച്ച് മറ്റെല്ലാം ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധവും അതിനാല്‍ വര്‍ജ്യവുമാണെന്നു കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നതിനു പിന്നില്‍ കൃത്യമായ താല്‍പര്യങ്ങളുണ്ട്. ആര്‍.എസ്.എസിനു വിധേയമാകുന്ന ഒരു സമൂഹ സൃഷ്ടിയും കാവി രാഷ്ട്രീയത്തിന് മാത്രം നിലനില്‍പ്പുള്ള ഒരു വോട്ടു ബാങ്ക് സൃഷ്ടിക്കപ്പെടുകയും ചെയ്യുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.

ബി.ജെ.പി സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥികളുടെ കുട്ടിക്കാലം എന്ന വൈവിധ്യം നിറഞ്ഞ വിജ്ഞാനവഴികളെ കാവിയുടെ ഏകത്വത്തിലേക്ക്, ഹിന്ദുത്വത്തിന്റെ ഏകശിലാത്മകതയിലേക്ക് നയിക്കുമ്പോള്‍ കേരളം ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ മതവിശ്വാസം നിരാകരിക്കുന്ന, ദൈവത്തെ നിഷേധിക്കുന്ന, യുക്തിവാദത്തിന്റെ പ്രചാരകരാകുന്ന ഒരു തലമുറയെ സൃഷ്ടിച്ച് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വളക്കൂറുള്ള നിലം ഒരുക്കാനാണ് ശ്രമിക്കുന്നത്. മാതൃഭാഷാ പഠനത്തിന്റെ പേരില്‍ അറബി, ഉറുദു ഭാഷകളെ തമസ്‌കരിക്കാനുള്ള നീക്കവും സ്‌കൂള്‍ സമയം നേരത്തെയാക്കാനുള്ള നിര്‍ദേശവും എല്ലാം ഇതിന്റെ ഭാഗമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളായിരുന്നു ഇടതുപക്ഷ സര്‍ക്കാരുകള്‍ വേദവാക്യമായി പരിഗണിച്ചിരുന്നത്. അവ മതസമൂഹങ്ങളുടെ വിശ്വാസങ്ങളും വീക്ഷണങ്ങളുമായി പല തലങ്ങളിലും ഏറ്റുമുട്ടുന്നവയായിരുന്നു. സി.പി.എം സര്‍ക്കാരുകള്‍ കൊണ്ടുവന്ന പല പാഠ്യപദ്ധതി ചട്ടക്കൂടുകളും നിരീശ്വരവാദ പാഠ്യപദ്ധതികളായത് അങ്ങനെയാണ്.

ഇതില്‍ നിന്നും വ്യത്യസ്ഥമല്ല പിണറായി സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസനയവും. വിദ്യാലയങ്ങളെ ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ പരീക്ഷണശാലയാക്കാനാണ് ശ്രമം. ‘ലിംഗസമത്വം’ എന്നതാണ് അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട വാക്ക്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ലിംഗസമത്വം നീക്കം ചെയ്ത് ലിംഗനീതി എന്ന പദം ഉള്‍പ്പെടുത്തുമെന്നു ഉറപ്പു നല്‍കിയ മുഖ്യമന്ത്രി ഇപ്പോള്‍ അത് മറന്ന മട്ടാണ്. സമൂഹത്തില്‍ നടമാടുന്ന എല്ലാ വിവേചനങ്ങള്‍ക്കും കാരണം ആണ്‍പെണ്‍ വ്യത്യാസമാണത്രെ! അവര്‍ക്കിടയില്‍ സമത്വം ഉണ്ടാകുന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപെടുമെന്നാണ് അവര്‍ ഉദ്‌ഘോഷിച്ചു കൊണ്ടിരിക്കുന്നത്. ‘ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉണ്ടാകാനാവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയില്‍ വന്‍തോതില്‍ ഉണ്ടാകേണ്ടതുണ്ട്’ എന്നു കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹചര്‍ച്ച എന്ന കുറിപ്പിന്റെ ആമുഖത്തില്‍ തന്നെ എഴുതി വെച്ചിരിക്കുന്നു. (2022 പാഠ്യപദ്ധതി ചട്ടക്കൂട്, പേജ് 9 )

എന്നാല്‍ സ്ത്രീ, പുരുഷന്‍ എന്ന സങ്കല്പം തന്നെ ഇല്ലാതാക്കി ലിംഗരാഹിത്യ ബോധം വളര്‍ത്തിയെടുത്ത് ലൈംഗിക അരാജകത്വത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുകയാണ് ഇതിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം. മദ്യവും മയക്കുമരുന്നും സുലഭമാക്കി ചിന്താശേഷിയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ട ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ കോളേജ് ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും അവര്‍ പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും ഇതിന്റെ തെളിവുകളാണ്. മതത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്നും വിശ്വാസികളെ പുറത്തു ചാടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നു ഇടതു ബുദ്ധിജീവികളില്‍ നിന്നും വിപ്ലവ വിദ്യാര്‍ത്ഥി സംഘടനക്ക് ഉപദേശം കിട്ടിയിട്ടുണ്ടാവാം. ഇരിപ്പിടം, ടോയ്‌ലറ്റുകള്‍, സ്‌പോര്‍ട്‌സ്, കലോല്‍സവങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലൊന്നും ആണ്‍ പെണ്‍ വ്യത്യാസം ഉണ്ടാകരുതെന്നു നിഷ്‌കര്‍ഷിക്കുന്നതിലൂടെ ആണ്‍ പെണ്‍ സ്വത്വബോധം തകര്‍ക്കുകയാണ് ലക്ഷ്യം. അതിലൂടെ നമ്മുടെ സാമൂഹിക ഘടനക്ക് മാരകമായ പരിക്കേല്‍ക്കുക തന്നെ ചെയ്യും.

ലിംഗത്വം, സ്വവര്‍ഗലൈംഗികത (ഹോമിയോ സെക്ഷ്വാലിറ്റി), പുരുഷ സ്വവര്‍ഗപ്രേമി (ഗേ) , സ്ത്രീ സ്വവര്‍ഗപ്രേമി (ലെസ്ബിയന്‍), ട്രാന്‍സ്‌ജെന്‍ഡര്‍, മിശ്ര ലിംഗര്‍, നിര്‍ലൈംഗികര്‍ തുടങ്ങിയ പദാവലികളെയും വിഭാഗങ്ങളെയും പരിചയപ്പെടുത്തികൊണ്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഇറക്കിയ കൈപുസ്തകവും, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ക്ക് നല്‍കിയ പരിശീലന സഹായിയും ഈ ലക്ഷ്യത്തോടെ തന്നെയാണ്. വിവാഹം, കുടുംബം, സ്ത്രീ ജീവിതം എന്നിവയെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട്, ഈ സംവിധാനങ്ങള്‍ തകരുന്നതിലൂടെ മാത്രമെ സ്ത്രീ സമൂഹത്തിനു അന്തസ്സും പുരോഗതിയും ഉണ്ടാവുകയുള്ളുവെന്നാണ് പുസ്തകം പറയുന്നത്. നേരിട്ടു ഇത്തരം കാര്യങ്ങള്‍ പറയുന്നതിനു പകരം ഓരോ പഠിതാവിന്റെയും മനസ്സില്‍ ഈ ചിന്താഗതി ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 2021ല്‍ കുടുംബശ്രീ പുറത്തിറക്കിയ ‘ആരോഗ്യകരമായ ബന്ധങ്ങള്‍ ‘ എന്ന പഠന സഹായിയിലും ഇത് തന്നെയാണ് പ്രതിപാദിക്കുന്നത്. ‘ജെന്‍ഡര്‍ സാമുഹികവല്‍ക്കരണം’ എന്ന മൂന്നാം അധ്യായത്തില്‍, ജെന്‍ഡര്‍ അന്യായമാണെന്നും ഇത് എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നും അറിഞ്ഞും അറിയാതെയും നമ്മള്‍ എങ്ങനെയാണ് ഈ പ്രക്രിയയുടെ ഭാഗമായതെന്നു ചിന്തിക്കണമെന്നും അഭിപ്രായപ്പെടുന്നു. വിവാഹവും കുടുംബവും സ്ത്രീയുടെ സ്വാതന്ത്രത്തിനും നീതിക്കും തടസ്സമാണെന്നു ഇതിലെ ഓരോ വരികള്‍ക്കിടയിലും നമുക്ക് വായിക്കാവുന്നതാണ്.

ഈ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയിലൂടെ കേരളീയ സമൂഹത്തിന്റെ കുടുംബ സദാചാര ബോധങ്ങളെ അട്ടിമറിക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പുരോഗമന നാട്യങ്ങളാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ലിംഗരാഹിത്യമുള്ള ഒരു തലമുറയെ വളര്‍ത്തി കൊണ്ടു വന്നാല്‍ വിവേചനങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് അവരുടെ വിശ്വാസം. ലിബറല്‍, നാസ്തിക ബോധങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മൂല്യങ്ങളെ മാനിക്കാതെ, എതിര്‍പ്പുകളെ വകവെക്കാതെ , ധാര്‍ഷ്ട്യത്തോടെ നടപ്പാക്കാനുള്ള നീക്കമാണിത്.

ഇനി പാഠ്യപദ്ധതി ചട്ടക്കൂടുമായും മറ്റും ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളുടെ രീതി ശ്രദ്ധിക്കുക. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ കോപ്പി സ്‌കൂളുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ വാട്‌സ് ആപ്പ് മുഖേനയോ മറ്റോ എത്തിക്കുന്നു. അവിടെ നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരാവട്ടെ, വിരലിലെണ്ണാവുന്ന രക്ഷിതാക്കളും അധ്യാപകരും മാത്രം. അധ്യാപകര്‍ തന്നെ പുതിയ സമീപനം വേണ്ടത്രെ ഉള്‍കൊള്ളാത്തവരാണെന്നതാണ് അനുഭവം. ചുരുക്കത്തില്‍ സാമൂഹിക ചര്‍ച്ചകള്‍ എന്ന പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വെറും പ്രഹസനമാണ്.

web desk 3: