X

അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ല; ഡ്രൈവറുടെ മൊഴി തെറ്റെന്ന് ലക്ഷ്മി

തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കര്‍ കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കി.

അതേ സമയം, അപടകസമയത്ത് കൂടെ ഉണ്ടായിരുന്ന അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കാറോടിച്ചത് താന്‍ അല്ലെന്നും ബാലഭാസ്‌കര്‍ ആണെന്നുമാണ് പറഞ്ഞിരുന്നത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ബാലഭാസ്‌ക്കര്‍ കൊല്ലം മുതലാണ് വണ്ടിയോടിച്ചെതെന്നും അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, സംഭവസമയത്ത് താന്‍ കുഞ്ഞുമായി മുന്‍ സീറ്റില്‍ ഉണ്ടായിരുന്നുവെന്നും ബാലു മാത്രമാണ് പിന്നില്‍ ഇരുന്നത് എന്നും ലക്ഷ്മി പൊലീസിനോട് വ്യക്തമാക്കി.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് ലക്ഷ്മി ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ അപകടത്തെ കുറിച്ച് മൊഴി നല്‍കിയത്.

രണ്ട് ദിവസം മുന്‍പെയാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ ഒകോടബര്‍ 2നാണ് ബാലഭാസ്‌ക്കര്‍ മരണപ്പെടുന്നത്. ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട ദിവസം തന്നെ രണ്ട് വയസുകാരി മകള്‍ തേജസ്വി ബാല മരിച്ചിരുന്നു. കുടുംബവുമായി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

chandrika: