X

‘ബാലഭാസ്‌കര്‍ പിന്‍സീറ്റിലായിരുന്നു’; ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി.

ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ബാലഭാസ്‌ക്കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നുമാണ് ചവറ സ്വദേശിയുടെ മൊഴി. എന്നാല്‍ മൊഴിയില്‍ വ്യക്തത തേടേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരെന്നതിനെ സംബന്ധിച്ച വ്യക്തത പൊലീസ് തേടുന്നതിനിടയിലാണ് പുതിയ മൊഴി പുറത്തുവന്നത്.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി കൊല്ലത്ത് വെച്ച് ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കര്‍ െ്രെഡവര്‍ സീറ്റിലേക്ക് മാറിയെന്നാണ് െ്രെഡവറായ അര്‍ജുന്റെ മൊഴി. കൊല്ലത്ത് വെച്ച് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഇരുവരും ജ്യൂസ് കുടിച്ച കാര്യം ലക്ഷ്മിയുടെ മൊഴിയിലും പറയുന്നുണ്ട്. ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലുമായാണ് ചവറ സ്വദേശി കൊല്ലം പൊലീസിനെ സമീപിച്ചത്. അപകടം നടക്കുമ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന മൊഴിയില്‍ ലക്ഷ്മി ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, െ്രെഡവറുടെ സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറെ പുറത്തേക്ക് എടുത്തതെന്നാണ് പ്രധാന സാക്ഷി പ്രവീണ്‍ പറയുന്നത്. പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് അപകടം കാണുന്നത്. മുന്‍സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറെ പുറത്തേക്ക് എടുത്തത്. ഇതിനിടെ എല്ലാവരും സുരക്ഷിതരല്ലെ എന്ന് ബാലഭാസ്‌കര്‍ ചോദിച്ചതായും പ്രവീണ്‍ പറയുന്നു. വാഹനത്തിന്റെ പിന്‍സീറ്റില്‍ നിന്നാണ് അര്‍ജുനെ പുറത്തേക്ക് എടുത്തതെന്നും പ്രവീണ്‍ വ്യക്തമാക്കുന്നു.

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ലക്ഷ്മിയുടേയും അര്‍ജുന്റേയും മൊഴി വീണ്ടും രേഖപ്പെടുത്തും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉന്നയിച്ച ബാലഭാസ്‌കറുടെ അച്ഛന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുളള വിഷയങ്ങളും പൊലീസ് അന്വേഷിക്കുമെന്നുമാണ് വിവരം.

chandrika: