X

പന്തില്‍ കൃത്രിമം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പൊട്ടിത്തൊറി ,സ്മിത്തിന്റെ തൊപ്പിതെറിക്കും

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായക സ്ഥനത്ത് നിന്നു സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ക്രിക്കറ്റ് ബോര്‍ഡിനോട് സര്‍ക്കാര്‍ സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

വാര്‍ത്തയോട് പ്രതികരിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ‘സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുളവാക്കുന്നതാണെന്നും’ പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട് കമ്മീഷണര്‍ ജോണ്‍ വെയ്‌ലി കായിക ഇനത്തിലെ ഏത് വഞ്ചനയെയും അപലിപ്പിക്കുന്നതായും പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും വെയ്‌ലി പറഞ്ഞു.

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ബെന്‍ക്രോഫ്റ്റ് പന്തില്‍ ക്ൃത്രിമം കാണിച്ചത്.മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു കൊണ്ട് പന്തില്‍ ഉരക്കുകയായിരുന്നു. ഇതിനു ശേഷം വസ്തു പോക്കറ്റില്‍ തിരികെ വെച്ചു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ടി.വി ക്യാമറകള്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിക്കുന്ന ദൃശ്യങ്ങള്‍ ടിവി ക്യാമറകള്‍ എടുത്തു കാട്ടിയതോടെ അപകടം മനസ്സിലാക്കിയ താരം പോക്കറ്റില്‍ നിന്ന് വസ്തു എടുത്ത് പാന്റിനുള്ളിലേക്കിട്ടു. ഇതോടെ അംപയര്‍മാര്‍ താരത്തെ വിളിക്കുകയും പരിശോധിക്കുകയും ചെയ്തു.പിന്നീട് ഇത് താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. പന്തില്‍ കൃത്രിമം കാട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായതോടെയാണ് ‘ബോള്‍ ടാംപറിങ്ങ്’ വിവാദം ഉയര്‍ന്നുവന്നത്. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌പോര്‍ട്‌സ് കമ്മീഷന്‍ നായകന്റെ നടപടിക്കെതിരെ രംഗത്തെത്തിയതോടെ നായകനും പരിശീലകനുമെതിരെ കര്‍ശന നടപടിയ്ക്ക് സാധ്യത തെളിഞ്ഞിരിക്കുകയാണ്. നേരത്തെ വിഷയത്തില്‍ പ്രതികരിച്ച സ്മിത്ത് ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കമ്മീഷന്‍ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.

അതേസമയം നായകന്‍ സ്മിത്തിന്റെ പ്രതികരണം ഇത് ടീം ടാക്ടിക്‌സിന്റെ ഭാഗമായിരുന്നു എന്നാണ്. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്. ഇതിന്റെ പേരില്‍ താന്‍ ഓസീസ് നായകസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ ഓസ്്‌ട്രേലിയന്‍ ഭരണകൂടം ഇടപെടത്തോടെ സ്മിത്തിന്റെ തൊപ്പി ഉടന്‍ തെറിക്കുമെന്നാണ് വിലയിരുത്തല്‍

chandrika: