X

അലസന്‍, കഴിവുകെട്ടവന്‍, ഇത് റിയാലിറ്റി ഷോ അല്ല; ട്രംപിനെ കടന്നാക്രമിച്ച് ഒബാമ

വാഷിങ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി കടന്നാക്രമിച്ച് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. കഴിവുകെട്ടവനും അലസനുമാണ് ട്രംപ് എന്നാണ് ഒബാമയുടെ വിമര്‍ശം. ഇന്ന് നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനിലെ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങളെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത കാലത്തില്‍ നിന്ന് രാജ്യത്തെ പുറത്തെത്തിക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസിനും സാദ്ധ്യമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രസിഡണ്ട് സ്ഥാനത്തിരുന്ന് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. ശ്രദ്ധയാകര്‍ഷിക്കാനുള്ള റിയാലിറ്റി ഷോ പോലെയാണ് അദ്ദേഹം ഇതിനെ പരിഗണിക്കുന്നത്. ട്രംപ് കാര്യങ്ങള്‍ കുറച്ചു കൂടി ഗൗരവമായി എടുക്കണം. ജനാധിപത്യത്തെ മാനിക്കണം. അത് അദ്ദേഹം ചെയ്തിട്ടില്ല- പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് കഴിവുകെട്ടവനാണ് എന്നും അദ്ദേഹം പറയുന്നു. പ്രസിഡണ്ടായി ട്രംപ് വളര്‍ന്നിട്ടില്ല. അതിന് അദ്ദേഹത്തിന് ആകില്ല. അതിന്റെ അനന്തരഫലമായാണ് 1.70 ലക്ഷം അമേരിക്കക്കാര്‍ മരിച്ചത്. ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. നമ്മുടെ അഭിമാനകരമായ യശസ്സ് ഇല്ലാതായി. മുമ്പത്തേക്കാള്‍ കൂടുതല്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു- ഒബാമ കുറ്റപ്പെടുത്തി.

ബൈഡന്‍ നല്ല മനുഷ്യനും മികച്ച നേതാവുമാണ് എന്ന് ഒബാമ പറഞ്ഞു. 20 വര്‍ഷം മുമ്പ് ഒരു വൈസ് പ്രസിഡണ്ടിനെ അന്വേഷിച്ചപ്പോള്‍ അതൊരു സഹോദരനില്‍ അവസാനിക്കുമെന്ന് താന്‍ കരുതിയില്ല. കാണുന്ന എല്ലാവരെയും ആദരവോടെ കാണുന്ന വ്യക്തിയാണ് ബൈഡന്‍. അദ്ദേഹമാണ് എന്നെ മികച്ച പ്രസിഡണ്ടാക്കിയത്. ഈ രാജ്യത്തെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് കഴിയും- മുന്‍ പ്രസിഡണ്ട് പറയുന്നു.

ഒബാമയ്ക്ക് മറുപടിയുമായി ട്രംപ് രംഗത്തെത്തി. ഒരു നല്ല കാര്യം പോലും പ്രസിഡണ്ട് ഒബാമ ചെയ്തിട്ടില്ല. ഒബാമയും ബൈഡനും നല്ല കാര്യങ്ങള്‍ ചെയ്യാത്തതു കൊണ്ടാണ് താന്‍ പ്രസിഡണ്ടായി നില്‍ക്കുന്നത്- കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

 

Test User: