X

‘ബാപ്പ ഓര്‍മയിലെ നനവ്’; ബഷീറലി തങ്ങളുടെ പുസ്തകം നാളെ പ്രകാശിതമാകും

മലപ്പുറം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ പുസ്തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്’ പ്രകാശനം നാളെ (ശനി) വൈകീട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ നടക്കും.

ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, നിലപാടുകള്‍, ഇടപെടലുകള്‍, നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രത എന്നിവയുള്‍ക്കൊള്ളിച്ചുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം. കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ്  പ്രസാധനം.

പുസ്തകത്തിന്റെ പ്രകാശനം നാളെ പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക്ഫയര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പുസ്തക പരിചയവും ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും . മലപ്പുറം ജില്ലയിലെ പാണക്കാട്ട് 1971 ഡിസംബര്‍ 26 ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുതിര്‍ന്ന മകനായി ജനിച്ച സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം എല്‍.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനവും മഅ്ദനുല്‍ ഉലൂം യു.പി സ്‌കൂള്‍, ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് ഉപരി പഠനവും നടത്തി.

കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനവും നടത്തി. 1994ല്‍ അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ ബിരുദവും തുടര്‍ന്ന് പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1995ല്‍ ലോബര്‍ ഇന്‍ ലോയിലും അറബികിലും ഡിപ്ലോമയും കരസ്ഥമാക്കി. 1996-98 വര്‍ഷത്തില്‍ പൂനയിലെ സൈബര്‍ ഓട്ടോണമസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എം.ബി.എ ബിരുദവും നേടി. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ കോര്‍ട്ട് മെമ്പറായി സേവമനുഷ്ഠിച്ച അദ്ദേഹം നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍, കേരള മുസ്‌ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ (കെ.എം.ഇ.എ) പ്രസിഡന്റ്, ഏറനാട് മുസ്‌ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) പ്രസിഡന്റ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ്, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് ചെയര്‍മാന്‍, ഐഡിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അറ്റലസ് ഐഡിയല്‍ ഇന്റര്‍ നാഷണല്‍ കോളേജ് ചെയര്‍മാന്‍, മണ്ണാര്‍കാട് ദാറുന്നജാത്ത് യതീം ഖാന വൈ.പ്രസിഡന്റ്, തൂത ദാറുല്‍ ഉലൂം യതീം ഖാന വൈ.പ്രസിഡന്റ്, പുലാമന്തോള്‍ ദാറുന്നജാത്ത് ബനാത്ത് യതീം ഖാന പ്രസിഡന്റ്, തുടങ്ങിയ നിരവധി പദവികള്‍ അനുഷ്ഠിച്ച് വരുന്നു.

വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് 2008 ല്‍ ഖത്തര്‍ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ സൗത്ത് സോണ്‍ കമ്മിറ്റിയുടെ കെ.എം സീതി സാഹിബ് അവാര്‍ഡും, 2012 ല്‍ കൊച്ചിന്‍ സെന്റ് ജോര്‍ജ് പുരസ്‌കാരവും നേടിയിട്ടുണ്ട്. സച്ചാര്‍ പരിഹാരം തേടുമ്പോള്‍, ദീപ്ത വിചാരങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ഖുവൈത്ത്, തായ്‌ലാന്റ്, ഈജിപ്ത്, മല്യേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, തുര്‍ക്കി, അമേരിക്ക, യു.കെ, ചൈന, ഇറ്റലി, ഇന്ത്യനേഷ്യ, എന്നീ രാജ്യങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ ശമീമ ബശീറലി, മക്കള്‍: ആയ്ഷ ലുലു, സയ്യിദ് മുഹമ്മദലി ഹിശാം ശിഹാബ്, സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ്.

Test User: