X

ബിനീഷ് കോടിയേരിക്കെതിരായ ഇഡി അന്വേഷണം; രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണം രാഷ്ട്രീയപ്രേരിതം എന്നു പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികളുടെ കൈയിലുള്ള വിവരങ്ങള്‍ അറിയാതെ അക്കാര്യത്തില്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അതുമായി ബന്ധപ്പെട്ട് എന്താണ് അന്വേഷണ ഏജന്‍സിയുടെ കൈയിലുള്ളത് എന്നറിയാതെ നമുക്കത് സംബന്ധിച്ച് ഒന്നും പറയാനാകില്ല. എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതു നേരിടുന്നതിന് നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വാഭാവികമായും ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ നമുക്കിപ്പോള്‍ ഉറപ്പിച്ച് ഒന്നും പറയാനാകില്ല. അന്വേഷണ ഏജന്‍സി ഇവിടെയെത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയില്‍ ഉള്ളത് എന്താണ് എന്ന് അറിയാത്ത ഒരു കൂട്ടര്‍ അതിനെപ്പറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാകില്ല. ഒരു വ്യക്തിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ അക്കാര്യത്തെ കുറിച്ച് മുന്‍കൂറായി പ്രവചനം നടത്താനാകില്ല.’ – മുഖ്യമന്ത്രി വ്യക്തമാക്കി.

സിഎം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്നും അന്വേഷണ ഏജന്‍സി വിളിപ്പിച്ചതു കൊണ്ടു മാത്രം കുറ്റം ചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിവാദങ്ങള്‍ക്കു പിന്നാലെ പോകാന്‍ സര്‍ക്കാരില്ല. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ല. നാടിന്റെ വികസനത്തിന് തുരങ്കം വച്ച് രാഷ്ട്രീയം കളിക്കുകയാണ് ചിലര്‍. ഹീനമായ രാഷ്ട്രീയം കളിച്ച് പദ്ധതികള്‍ അട്ടിമറിയ്ക്കാനാണ് ശ്രമിക്കുന്നത്- അദ്ദേഹം ആരോപിച്ചു.

Test User: