X
    Categories: Video Stories

റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടതില്‍ വിഷമം; പക്ഷേ, മെസ്സിയായതു കൊണ്ട് കുഴപ്പമില്ല: ബാറ്റിസ്റ്റ്യൂട്ട

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ എന്ന തന്റെ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടതില്‍ നിരാശനെന്ന് മുന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. കഴിഞ്ഞ വര്‍ഷത്തെ കോപ അമേരിക്ക സെന്റനാരിയോയിലാണ് ബാറ്റിയുടെ 54 ഗോള്‍ എന്ന റെക്കോര്‍ഡ് മെസ്സി മറികടന്നത്. തന്റെ റെക്കോര്‍ഡ് മറ്റൊരാള്‍ സ്വന്തമാക്കിയതില്‍ താന്‍ ഏറെ വിഷമിച്ചിരുന്നുവെന്നും എന്നാല്‍, ‘മറ്റൊരു ഗ്രഹത്തില്‍ നിന്നു വന്ന’ മെസ്സിയാണ് അത് ചെയ്തത് എന്നതിനാല്‍ തനിക്ക് പ്രശ്‌നമില്ലെന്നും ടെലെഫെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘ബാറ്റി ഗോള്‍’ പറഞ്ഞു.

‘ആ റെക്കോര്‍ഡ് മെസ്സി കൈക്കലാക്കിയപ്പോള്‍ ഞാന്‍ വിഷമിച്ചിരുന്നോ? അതെ, ഒരല്പം. എന്റെ പേരിലുള്ള ഒരു ബഹുമതി ആയിരുന്നു അത്. ഒരു പഴയ കാര്യം പറയുന്നതു പോലെയല്ല അത്. ലോകത്ത് എവിടെ പോകുമ്പോഴും, ഇതാ അര്‍ജന്റീനക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ ആള്‍ എന്നു കേള്‍ക്കുന്നത് ഒരു സുഖമാണ്.’ ബാറ്റി പറഞ്ഞു.

‘ഞാന്‍ 54 ഗോളാണ് നേടിയത്. മെസ്സിക്ക് അതിന്റെ ഇരട്ടിയോളം നേടാന്‍ കഴിയും. ഇപ്പോഴും എനിക്കൊരു ബഹുമതിയുണ്ട്. മറ്റൊരു ഗ്രഹത്തില്‍ നിന്നുവെന്ന ഒരാള്‍ക്കു പിന്നിലാണ് ഞാന്‍.’ ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.

അര്‍ജന്റീനക്കൊപ്പം രണ്ട് കോപ അമേരിക്കയും ഒരു കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ബാറ്റിസ്റ്റ്യൂട്ട മറഡോണക്കു ശേഷം അര്‍ജന്റീനാ ഫുട്‌ബോളിന്റെ മുഖമായിരുന്നു. ഒരു ലോകകപ്പ് ഫൈനലും രണ്ട് കോപ ഫൈനലും കളിച്ചെങ്കിലും മെസ്സിക്ക് ഇതുവരെ സീനിയര്‍ ടീമിനൊപ്പം രാജ്യാന്തര കിരീടം നേടാനായിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: