X

ബിബിസിയുടേതല്ല; ഇത് മോദിക്ക് വേണ്ടിയുള്ള, മുസ്‌ലിംകള്‍ക്കെതിരായ മുന്‍വിധി

മീഡിയന്‍

‘ഉണ്ടിരിക്കുന്നവന് ഉള്‍വിളി’ തോന്നുക എന്നൊരു ചൊല്ലുണ്ട്. അതാണ് ബി.ബി. സി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ അനില്‍ കെ.ആന്റണിക്ക് തോന്നിയിരിക്കുന്നത്. ഗുജറാത്തിലെ വംശീയഹത്യക്ക് നേരിട്ട് ഉത്തരവാദിയെന്ന് ബിബിസി എന്ന ലോകൈക മാധ്യമം വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് അനില്‍ കെ. ആന്റണി എന്ന കോണ്‍ഗ്രസ് നേതാവിന് പൊള്ളിയിരിക്കുന്നു. മോദിയേക്കാള്‍ വലിയ രാജഭക്തി എന്നല്ലാതെ ഇതിനെ മറ്റെന്ത് വിശേഷിപ്പിക്കാനാണ് ! ഇന്ത്യയുടെ ഏറ്റവുംവലിയ മതേതരപാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വിവരസാങ്കേതിവിദ്യാ നിയന്ത്രിക്കുന്നയാളേ്രത ഈ മഹാന്‍!. വിവരസാങ്കേതികവിദ്യക്ക് വിവരം വേണമെന്നില്ലെന്നുണ്ടോ നേതാക്കളേ ?
ഗുജറാത്ത് കലാപത്തെക്കുറിച്ച് പുതുതായി യാതൊന്നും ബി.ബി.സി പറയുന്നില്ലെന്ന് പറയുന്നത് ബി.ജെ.പിക്കാരാണ്. അവര്‍തന്നെയാണ് ഈ ഡോക്യുമെന്ററിക്കെതിരെ പക്ഷേ നാട് മുഴുവനിപ്പോള്‍ ഉറഞ്ഞുതുള്ളുന്നതും. കലാപത്തിനിടെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ പൊലീസിനോട് അനങ്ങരുതെന്ന് നിര്‍ദേശിച്ചുവെന്ന് പറഞ്ഞത് രണ്ട് മുതിര്‍ന്ന ഗുജറാത്ത്‌കേഡര്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. മോദിയുടെ ആഭ്യന്തരമന്ത്രി ഹരണ്‍പാണ്ഡ്യയും അതുതന്നെ പറഞ്ഞതായി സംഭവത്തെക്കുറിച്ചന്വേഷിച്ച റിട്ട.ജസ്റ്റിസുമാരുടെ സമിതിയും വ്യക്തമാക്കി. ഹരണ്‍പാണ്ഡ്യ കൊല്ലപ്പെടുകയും ആര്‍.ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും നേരിട്ടതെന്താണെന്നും മാലോകര്‍ക്കെല്ലാമറിയാം. ഇവിടെയാണ് ബിബിസിയുടെ ഓരോ വാക്യവും തെളിവുകളും അന്വര്‍ഥവും സാര്‍ത്ഥകവുമാകുന്നത്. അക്കാര്യത്തില്‍ പക്ഷേ ഐ.ടി വിദഗ്ധനായ നേതാവിന് വിശ്വാസം പോരത്രെ. പഴയബ്രിട്ടീഷ് രാജവാഴ്ചയാണ് അനില്‍ കെ ആന്റണിയുടെ മനസ്സിനെ ഇക്കാര്യത്തിലും മഥിക്കുന്നതത്രെ. ബിബിസി മുന്‍വിധിയോടെ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്നും ഇറാഖ്‌യുദ്ധത്തിന് ഡോക്യുമെന്ററിയില്‍ പറയുന്ന ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ ആണുത്തരവാദിയെന്നും അനില്‍ പറയുന്നു. ഇറാഖ് യുദ്ധമോ ബിബിസിയുടെ ഖത്തര്‍-മുസ്‌ലിംവിരോധമോ ഒന്നുമല്ലല്ലോ ഇവിടെ വിഷയം. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ നോമ്പ് നോറ്റിരിക്കുന്നവരുടെ വണ്ടിക്ക് ഇന്ധനം നിറച്ചുകൊടുക്കുകയാണ് അനില്‍ ആന്റണിയിലെ കോണ്‍ഗ്രസുകാരന്‍ ചെയ്തിരിക്കുന്നത.് ഇന്ത്യയിലെയും ഗുജറാത്തിലെയും മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്നത്തെ പ്രധാനമന്ത്രിയുടെ നിലപാട് പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടേതില്‍നിന്ന് വലിയമാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസ്സിലാകാന്‍ സ്വന്തംപാര്‍ട്ടിക്കാരനായിരുന്ന കലാപത്തില്‍കൊല്ലപ്പെട്ട ഗുജറാത്ത് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയോട് ചെന്ന് ചോദിച്ചാല്‍മതി. അതല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാക്കളായ സോണിയാഗാന്ധിയോടും അനില്‍ കാണാത്ത, ഫാസിസത്തിനെതിരെ 3500 കിലോമീറ്റര്‍ രാജ്യത്താകെ നടന്ന പാവം രാഹുല്‍ഗാന്ധിയോടും, എന്തിനേറെ സ്വന്തം വന്ദ്യപിതാവിനോടെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു. എന്നിട്ടും ഇറാഖ് യുദ്ധത്തെക്കുറിച്ചും ബിബിസിയുടെ മുന്‍വിധിയെക്കുറിച്ചും ഓര്‍മിപ്പിച്ച് നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ തൊലിക്കട്ടി ചില്ലറയൊന്നും പോരാ. സോവറിനിറ്റിയെയും മറ്റും കൂട്ടുപിടിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസിസത്തെ താലോലിക്കുന്നതിനുള്ള മറയായേ യഥാര്‍ത്ഥ മതേതരവിശ്വാസികള്‍ക്കും മുസ്‌ലിം ഇരകള്‍ക്കുംകാണാനാകൂ. ദേശസ്‌നേഹം മനുഷ്യസ്‌നേഹത്തിനപ്പുറമല്ലെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതെങ്കിലും അനിലൊന്ന് വായിക്കണം.
ഇത്തരക്കാരെയാണ് പാര്‍ട്ടി ഐ.ടി സെല്‍ മേധാവികളാക്കി വെക്കുന്നതെങ്കില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ട്വിറ്ററിന്റെയും യൂട്യൂബിന്റെയും നിയന്ത്രണം ടിയാനെ ഏല്‍പിക്കുന്നതാകും ബുദ്ധി. ബിബിസിയുടെ പ്രസ്തുത ഡോക്യുമെന്ററി കാണാന്‍പോലും തയ്യാറാകാതെയാണ് അതിനെ എതിര്‍ക്കുന്നതെന്നത് പക്ഷേ അതിനുപോലും കൊളളില്ലെന്നതിന് തെളിവാണ്. പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല !

Chandrika Web: