X

‘ക്ഷമ പരീക്ഷകരുത്’; ഗവര്‍ണര്‍ക്കെതിരെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്‍. ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തിയത്.
”അമ്മ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട നേതാവാണ്. വെല്ലുവിളികള്‍ നേരിടേണ്ട സമയത്തിലൂടെയാണ് ഇപ്പോള്‍ നമ്മളും. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. പക്ഷേ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ ആവശ്യമായതെന്താണോ അതു ചെയ്യും, ശശികല വ്യക്തമാക്കി. എല്ലാ എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണം. മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരും. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്‍കിയിട്ടാണ് അമ്മ പോയത്- ശശികല പ്രവര്‍ത്തകരോടായി പറഞ്ഞു.

കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം.

നേരത്തെ, ഗവര്‍ണര്‍ക്കയച്ച കത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് അറിയിച്ച കത്തില്‍ തന്റെ സത്യപ്രതിജ്ഞാകാര്യത്തില്‍ വേഗം നടപടി വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.

ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, രണ്ട് എംപിമാര്‍ കൂടി പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ കൊഴിഞ്ഞുപോകലുകള്‍ തടഞ്ഞ് ഭരണം പിടിക്കാനാണ് ശശികലയുടെ പുതിയ നീക്കങ്ങള്‍.്

chandrika: