X

മന്‍മോഹനെതിരായ മോദിയുടെ പരാമര്‍ശം; അതേനാണയത്തില്‍ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

ലക്നൗ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മോദി നടത്തിയ ‘റെയിന്‍കോട്ട്’ പരാമര്‍ശത്തിന് അതേനാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന ആള്‍ എന്ന വിശേഷണം നല്‍കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ കളിയാക്കിയത്.

കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാം ജാതകം തങ്ങളുടെ കൈവശമുണ്ടെന്നുമുള്ള മോദിയുടെ വാദത്തിനും മന്‍മോഹന്‍ സിങിനെതിരെ നടത്തിയ പരാമര്‍ശത്തിനും കനത്ത തിരിച്ചടിയാണ് രാഹുലിന്റെ പ്രസ്താവന.

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പുറത്തിറക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാഹുല്‍ മോദിക്കെതിരെ തിരിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും അന്യന്റെ ജാതകം നോക്കിനടക്കാനും മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാനും ഇഷ്ടപ്പെടുന്ന ആളാണ് നരേന്ദ്ര മോദിയെന്ന് തനിക്കറിയാമെന്ന് രാഹുല്‍ പറഞ്ഞു.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ഒരു പരാജയമാണെന്നും പ്രധാനമന്ത്രിയുടെ ജോലി നിര്‍വഹിക്കുക എന്നതാണ് പ്രധാന ജോലി അദ്ദേഹം മറക്കുന്നതായും രാഹുല്‍ കുറ്റപ്പെടുത്തി. കുളിമുറിയില്‍ ഒളിഞ്ഞ് നോട്ടം ഒഴിവ് സമയങ്ങളില്‍ പോരേയെന്നും രാഹുല്‍ കളിയാക്കി.

രാജ്യം നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. എന്നാല്‍ മോദി എല്ലാ പ്രശ്‌നങ്ങളില്‍നിന്നും ശദ്ധതിരിക്കുകയാണു ചെയ്യുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുന്നില്ലെങ്കില്‍ ജനശ്രദ്ധ തിരിക്കുന്നതാണു മോദിയുടെ തന്ത്രമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. മോദിക്ക് ഇനി രണ്ടര വര്‍ഷം കൂടിയുണ്ട്. ഈ കഴിഞ്ഞ രണ്ടര വര്‍ഷവും മോദി പരാജയപ്പെടുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ നിര്‍ണായകമായ പങ്കുവഹിച്ച, ഏറ്റവും കൂടുതല്‍ സ്വാധീനിച്ച തീരുമാനങ്ങളെടുത്ത മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തുണ്ടായ അഴിമതികളില്‍ ഒന്നില്‍പോലും അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായില്ലെന്നും മഴക്കോട്ടു ധരിച്ചു കുളിമുറിയില്‍ കുളിക്കുന്ന അദ്ദേഹത്തില്‍നിന്നു രാഷ്ട്രീയ നേതാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നുമാണു മോദി പരിഹസിച്ചത്.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു. ദുഖകരവും അധിക്ഷേപകരവുമായ പ്രസ്താവനയാണ് മോദി നടത്തിയതെന്നായിരുന്നു രാഹുല്‍ മുന്‍പ് പ്രതികരിച്ചത്.
നോട്ട് നിരോധനത്തിനെതിരെ നേരത്തെ മോദിക്കെതിരെ രാജ്യസഭയില്‍ മന്‍മോഹന്‍ സിങ് തുറന്നടിച്ചിരുന്നു. കറന്‍സി നിരോധനം സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണെന്നായിരുന്നു മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ പ്രതികരണം. നോട്ട് അസാധു വിഷയത്തില്‍ മോദിക്കെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ വിമര്‍ശനം കൂടിയായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്റേത്.

chandrika: