X

‘വേണ്ടത്ര ടെസ്റ്റ് നടത്താതെ കള്ളക്കണക്ക് നല്‍കി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്, ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കണം’- ബെന്നി ബെഹനാന്‍

കൊച്ചി: കോവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറിയെന്ന് ബെന്നി ബെഹന്നാന്‍ എം.പി.രാജ്യത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും, മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്നും ബെന്നി ബെഹന്നാന്‍ എം.പി. കൊച്ചിയില്‍ പറഞ്ഞു.

രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ നാല്‍പ്പത് ശതമാനത്തിലധികം കേരളത്തിലാണ്. കോവിഡ് വ്യാപിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം പുറകിലായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ ആദ്യ പത്ത് ജില്ലകളില്‍ ഏഴും സംസ്ഥാനത്താണ്. കൊറോണയുടെ പേരില്‍ പി.ആര്‍ വര്‍ക്ക് നടത്തി ലോകത്തെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാര്‍ അവാര്‍ഡുകള്‍ വാങ്ങി. എന്നാല്‍ മഹാമാരി തടഞ്ഞ് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അവാര്‍ഡുകള്‍ തിരിച്ച് നല്‍കി ജനങ്ങളോടും അവാര്‍ഡ് നല്‍കിയവരോടും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും മാപ്പ് പറയണമെന്ന് ബെന്നി ബെഹന്നാന്‍ എം.പി. ആവശ്യപ്പെട്ടു.

വേണ്ടത്ര ടെസ്റ്റ് നടത്താതെ കള്ളക്കണക്ക് നല്‍കി സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും സംസ്ഥാനത്ത് മരണസംഖ്യ കുറയാന്‍ കാരണം ജനങ്ങളുടെ ശ്രദ്ധ കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ഭീകര സാഹചര്യമാണ്. സംസ്ഥാനത്തുണ്ടായ ഒരു പ്രതിസന്ധിയേയും കാര്യക്ഷമമായി നേരിടാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലന്നും ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി.

 

web desk 3: