X

ബിവറേജസ് കോര്‍പ്പറേഷന്‍: എംഡി റദ്ദാക്കിയ ഡെപ്യൂട്ടേഷന്‍ സിപിഎം നേതാക്കള്‍ ഇടപ്പെട്ട് നടപ്പാക്കി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ എംഡി എച്ച്.വെങ്കിടേഷ് റദ്ദാക്കിയ ഡെപ്യൂട്ടേഷന്‍ ഉത്തരവ് സിപിഎം നേതാക്കള്‍ ഇടപ്പെട്ട് നടപ്പാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളാണ് ബെവ്‌കോയിലെ ഡെപ്യൂട്ടേഷനില്‍ ഇടപെടല്‍ നടത്തിയത്. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ കൂടിയായ ആറു പേര്‍ ഉത്തരവ് ലംഘിച്ച് ബെവ്‌കോയില്‍ ജോലിയില്‍ പ്രവേശിച്ചു. ഉയര്‍ന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ ബന്ധുക്കളെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിയമിക്കാനുള്ള സിപിഎം നേതാക്കള്‍ നീക്കം നടത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ തന്നെ എംഡി ഡെപ്യൂട്ടേഷന്‍ ഉത്തരവ് റദ്ദാക്കി. സുപ്രീംകോതി ഉത്തരവിനെത്തുടര്‍ന്ന് വില്‍പനശാലകള്‍ അടച്ചതോടെ കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലാണെന്നും ബെവ്‌കോയിലേക്ക് ആരെയും അയക്കേണ്ടെന്നും മാതൃസ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് എംഡി കത്തയച്ചിരുന്നു. എന്നാല്‍ എംഡിയുടെ ഉത്തരവ് തള്ളി ലിസ്റ്റിലുള്ള ഏഴില്‍ ആറു പേരും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

വില്ലേജ് ഓഫീസര്‍, സിഐപ്റ്റിലെ ജീവനക്കാര്‍, സിപിഎം നേതാക്കളുടെ ബന്ധുക്കളായ മൂന്നു സ്ത്രീകള്‍ എന്നിവരാണ് അനധികൃതമായി ഡെപ്യൂട്ടേഷന്‍ നേടിയത്. 120 പേരെ കൂടി ഇത്തരത്തില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബന്ധുനിയമനം എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയമല്ലെന്നും നേതാക്കള്‍ പുനഃപരിശോധിക്കണമെന്നും സിപിഐ നേതാവ് സി.ദിവാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ബന്ധു നിയമന വിവാദത്തില്‍ സര്‍ക്കാറിന് ഉണ്ടാക്കിയ നാണക്കേട് ഇതുവരെ മാറിയിട്ടില്ലെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നും ദിവാകരന്‍ പറഞ്ഞു.

chandrika: