X
    Categories: Video Stories

കേന്ദ്രമന്ത്രിയുടെ മകന്‍ നയിച്ച ജാഥ; ഭാഗല്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം

പട്‌ന: ബിഹാറിലെ ഭാഗല്‍പൂരില്‍ ബി.ജെ.പി – ആര്‍.എസ്.എസ് ജാഥയെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്‌വര്‍ഷ് ജാഗ്രണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. ജാഥക്കാരും പ്രദേശവാസികളും പരസ്പരം നടത്തിയ കല്ലേറില്‍ മൂന്നു പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഹിന്ദു നവവര്‍ഷത്തിന്റെ ഭാഗമായി നടത്തിയ മോട്ടോര്‍ ബൈക്ക് ഘോഷയാത്ര മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. മുസ്ലിം പ്രദേശത്തെത്തിയപ്പോള്‍ ഉയര്‍ന്ന പ്രകോപന മുദ്രാവാക്യങ്ങളെ തുടര്‍ന്ന് റാലിക്കു നേരെ കല്ലേറുണ്ടായി; തിരിച്ചും കല്ലെറിഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

പൊലീസ് ഇടപെട്ടിട്ടും അര മണിക്കൂറിലേറെ കല്ലേറ് തുടര്‍ന്നു. കണ്ടാലറിയാവുന്ന വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. ഭഗല്‍പൂര്‍ നഗരത്തിലും പരിസരത്തുമായി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. സമാധാനം തിരികെ കൊണ്ടുവരാന്‍ ഇരു വിഭാഗങ്ങളുമായും സംസാരിച്ചു വരികയാണെന്ന് നാത്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മുഹമ്മദ് ജാനിഫുദ്ദീന്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: