X
    Categories: Newsworld

‘തെറ്റു കണ്ടാല്‍ കൈ കൊണ്ടു തിരുത്തൂ’; മുഹമ്മദ് നബിയെ ഉദ്ധരിച്ചുള്ള ബൈഡന്റെ പ്രസംഗം വൈറല്‍

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി അധികാരമേല്‍ക്കാന്‍ ജോ ബൈഡനു മുമ്പില്‍ ഇനി ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. ഔദ്യോഗിക പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങള്‍ എടുക്കുമെങ്കിലും നിലവിലെ സൂചനകള്‍ പ്രകാരം ഇന്നു തന്നെ ഫലത്തില്‍ അന്തിമ തീരുമാനമുണ്ടാകും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡണ്ടുമായി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ബൈഡന് നിലവിലുള്ളത്.

പ്രസിഡണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബൈഡന്റെ പ്രസംഗങ്ങളും ഉദ്ധരണികളും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ഇസ്‌ലാമിനെ കുറിച്ചും പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങള്‍ ട്വിറ്റര്‍ ട്രന്‍ഡിങുകളായി മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സെഷനില്‍ മുസ്‌ലിം സമുദായാംഗങ്ങളുമായി സംസാരിക്കവെ ബൈഡന്‍ ഉദ്ധരിച്ച ഹദീസിന്റെ (പ്രവാചക വചനം) വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ‘നിങ്ങള്‍ ഒരു തെറ്റു കണ്ടാല്‍ അത് കൈ കൊണ്ടു തിരുത്തുക. അതിനു കഴിഞ്ഞില്ലെങ്കില്‍ നാക്കു കൊണ്ട് തിരുത്തുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് തിരുത്തുക’ – എന്ന ഹദീസ് ആണ് ബൈഡന്‍ ഉദ്ധരിക്കുന്നത്.

ഈ അധ്യാപനം അനുസരിച്ചാണ് നിങ്ങളില്‍ പലരും ജീവിക്കുന്നത്. നിങ്ങളുടെ വിശ്വാസം അമേരിക്കന്‍ മൂല്യങ്ങളില്‍ സുസ്ഥിരമാണ്. നമ്മള്‍ എടുക്കുന്ന ജോലിയാണ് ജീവിതത്തെ മികച്ചതാക്കുന്നത്. നിങ്ങളുടെ കുടുംബം, അയല്‍വാസികള്‍, സേവനം, സമാധാനശ്രമങ്ങള്‍… ഈ ശ്രമങ്ങളില്‍ പിന്തുണ നല്‍കുന്ന, നിങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു പ്രസിഡണ്ടിനെയാണ് നിങ്ങള്‍ക്കു വേണ്ടത്. നിങ്ങളുടെ സമുദായത്തെ ബലിയാടാക്കുന്ന ഒരാളെയല്ല വേണ്ടത്. നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം – ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പുള്ള നേതാവാണ് ബൈഡന്‍. അധികാരത്തിലെത്തിയാല്‍ ട്രംപ് കൊണ്ടു വന്ന ഭരണഘടനാ വിരുദ്ധമായ മുസ്‌ലിം യാത്രാ നിരോധം എടുത്തു കളയുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍, സിറിയ, നൈജീരിയ തുടങ്ങിയ ആറു രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കാണ് ട്രംപ് യു.എസിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന്‍ ഇന്‍ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു.

യുഎസില്‍ പോള്‍ ചെയ്യപ്പെട്ട മുസ്‌ലിം വോട്ടുകളില്‍ 69 ശതമാനവും ബൈഡനാണ് എന്നാണ് എക്‌സിറ്റ് പോളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്. ട്രംപിന് 17 ശമതാനം മുസ്‌ലിംകളുടെ മാത്രം പിന്തുണയാണ് കിട്ടിയത്.

Test User: