X

മൈലപ്ര കൊലപാതകത്തിന് പിന്നിൽ വൻ ദുരൂഹത; അന്വേഷണത്തിന് പ്രത്യേക സംഘം

മൈലപ്രയില്‍ വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ മേല്‍നോട്ടത്തില്‍ 2 ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. മൈലപ്ര പുതുവേലില്‍ സ്റ്റോഴ്സ് ഉടമ ജോര്‍ജ് (72) ആണ് ശനിയാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഞായറാഴ്ച രാവിലെ അന്വേഷണ സംഘം കടയിലെത്തി പരിശോധിച്ചു. ഫോറന്‍സിക് സംഘവും വിശദമായി പരിശോധന നടത്തും. സമീപത്തെ സിസിടിവികള്‍ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കടയും പരിസരവും പരിചയമുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്.

ജോര്‍ജിന്റെ കഴുത്തില്‍ സ്ഥിരമായി സ്വര്‍ണമാലയുണ്ടാകാറുണ്ട്. അതുപോലെ കടയില്‍ പണവും സൂക്ഷിക്കാറുണ്ട്. ഇത് രണ്ടും നഷ്ടമായിട്ടുണ്ട്.മോഷണമാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നിലധികം ആളുകള്‍ സംഭവത്തിന് പിന്നില്‍ ഉണ്ടാകാമെന്നും സൂചനയുണ്ട്. ജോര്‍ജിന്റെ കൈ കാലുകള്‍ ബന്ധിച്ച് വായയില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

കടയില്‍ സിസിടിവിയുണ്ടെങ്കിലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക് അടക്കം കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ തന്നെ വ്യക്തമായ ധാരണയുള്ളവരാണ് പിന്നിലെന്ന് സംശയിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ജോര്‍ജിന്റെ ചെറുമകന്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നപ്പോഴാണ് സംഭവം അറിയുന്നത്. പട്ടാപ്പകല്‍ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

 

webdesk13: