X

ബീഹാര്‍ ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

പട്‌ന; ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉള്‍പ്പെടെ 71 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 2.14 കോടി വോട്ടര്‍മാരാണുള്ളത്. 1066 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.

മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ശ്രേയസി സിങ് എന്നിവര്‍ ആദ്യ ഘട്ടത്തില്‍ മത്സരരംഗത്തുണ്ട്. നിതീഷ് കുമാര്‍ മന്ത്രി സഭയിലെ ആറു മന്ത്രിമാരുടെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.

31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിലുള്ള 71 സീറ്റുകളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 35 സീറ്റുകളില്‍ മത്സരിക്കുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ബിജെപി 29 സീറ്റുകളിലും. പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍ജെഡി. 42 സീറ്റുകളിലും കോണ്‍ഗ്രസ് 21 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

 

chandrika: