X
    Categories: indiaNews

വീടിനുള്ള പരാതി സര്‍ക്കാരിന് നല്‍കൂ; ബില്‍കീസ് ബാനുവിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: വീടിനും താമസ സ്ഥലത്തിനുമായുള്ള പരാതി സംസ്ഥാന സര്‍ക്കാരിന് നല്‍കാന്‍ ഗുജറാത്ത് കലാപകാലത്ത് കൂട്ട ബലാത്സംഗത്തിനിരയായ ബില്‍കീസ് ബാനുവിന് സുപ്രീംകോടതി. പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന അധികാരികളെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 50 ലക്ഷം രൂപ നേരത്തെ ബില്‍കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

പരാതി ഗുജറാത്ത് സര്‍ക്കാരിന് നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ബില്‍കീസിന് 50 ലക്ഷം രൂപയും ജോലിയും നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 12ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ച താമസസ്ഥലവും ജോലിയും തൃപ്തികരമല്ലെന്നു കാട്ടിയാണ് ബാനു വീണ്ടും കോടതിയെ സമീപിച്ചത്. കോടതിനിര്‍ദേശപ്രകാരം കൃത്യമായ നഷ്ടപരിഹാരം ബില്‍കീസ് ബാനുവിന് കൈമാറിയിട്ടുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്തിലെ രധിക് പൂര്‍ ഗ്രാമത്തിലായിരുന്നു ബില്‍കിസ് ബാനുവും കുടുംബവും കഴിഞ്ഞിരുന്നത്. സ്വന്തം കുടുംബത്തിലെ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊല്ലുന്നതും ഏഴംഗങ്ങളെ വെട്ടിനുറുക്കുന്നതും ബില്‍കിസിന് കണ്ടുനില്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ അന്ന് അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍കിസിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു.

എന്നാല്‍ ബില്‍ക്കിസിന്റെ പരാതി സ്വീകരിക്കാന്‍ ഗുജറാത്ത് പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ച ബില്‍ക്കിസിന്റെ കേസ് സിഐഡി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കുറ്റവാളികളെ രക്ഷിക്കാനാണ് ഗുജറാത്ത് സിഐഡി ശ്രമിച്ചത്.

ഒടുവില്‍ സുപ്രീംകോടതിയില്‍ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവായി. 2004 ഓഗസ്റ്റില്‍ കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21ന് പ്രത്യേക കോടതി കേസിലെ പ്രതികളായ 11 പേരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

 

chandrika: