X
    Categories: CultureMoreViews

ബീഹാറില്‍ മുസ്‌ലിം അനുകൂല നീക്കവുമായി നിതീഷ് കുമാര്‍

പാറ്റ്‌ന: ഹിന്ദുത്വ കലാപകാരികള്‍ തകര്‍ത്ത പള്ളിയും മദ്രസയും പുനര്‍നിര്‍മിക്കാന്‍ ബീഹാര്‍ സര്‍ക്കാരിന്റെ ധനസഹായം. കലാപത്തില്‍ തകര്‍ന്ന ഗുദ്രി പള്ളിയും ജയുല്‍ ഉലൂം മദ്രസയും പുനര്‍നിര്‍മിക്കാന്‍ 2,13,700 രൂപ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്. രാമനവമി ഘോഷയാത്രക്കിടെയുണ്ടായ അക്രമത്തില്‍ ഔറംഗാബാദില്‍ കടകള്‍ കത്തിക്കപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയും നവാദ ജില്ലയില്‍ അക്രമത്തിനിരയായവര്‍ക്ക് 8.5 ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിതീഷ് കുമാറിന്റെ നടപടിക്കെതിരെ സഖ്യകക്ഷിയായ ബി.ജെ.പിയും ബജറംഗദളും എതിര്‍പ്പുമായി രംഗത്തെത്തി. കലാപത്തില്‍ ഇരു സമുദായങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. ഒരു സമുദായത്തിന് മാത്രം നഷ്ടപരിഹാരം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി സമസ്തിപൂര്‍ ജില്ലാ പ്രസിഡന്റ് രാം സുമിരണ്‍ സിങ് പറഞ്ഞു.

ബി.ജെ.പി ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ നിതീഷിന്റെ നീക്കത്തെ എതിര്‍ക്കാര്‍ അവര്‍ തയ്യാറാവുന്നില്ല. നിതീഷിനൊപ്പം പ്രവര്‍ത്തിക്കേണ്ട ആവശ്യമെന്താണ്? ബി.ജെ.പി അദ്ദേഹത്തോടൊപ്പമുള്ള സഖ്യം അവസാനിപ്പിക്കണം – ബജറംഗദള്‍ നേതാവ് ആര്‍.എന്‍ സിങ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: