X

ധനമന്ത്രിയുടെ ജാലവിദ്യ

പി.കെ ഷറഫുദ്ദീന്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ചു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കണക്കുകള്‍ കൃത്യമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് ധനമന്ത്രി കാണിച്ച പൊടിക്കൈകള്‍ എളുപ്പം ബോധ്യപ്പെടും.

നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതവും സ്പില്‍ ഓവര്‍ തുകയും ചേര്‍ത്തുള്ള മൊത്തം തുകയില്‍ നിന്നാണ് ചെലവിന്റെ ശതമാനം നാളിതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ധനവകുപ്പ് വിചിത്രമായ രീതിയാണ് പദ്ധതി ചെലവ് സംബന്ധിച്ച് സ്വീകരിച്ചത്. നടപ്പുവര്‍ഷത്തെയും മുന്‍ വര്‍ഷ ബാക്കി തുകയുടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും ഇതില്‍ വരുന്ന ചെലവിന്റെ ശതമാനം കണക്കാക്കുമ്പോള്‍ നടപ്പുവര്‍ഷത്തെ ബജറ്റ് തുകയെ മാത്രം മാനദണ്ഡമാക്കുകയും ചെയ്യുന്ന രീതിയാണ് വകുപ്പ് സ്വീകരിച്ചത്. 2016-17ല്‍ 67.08 ശതമനാനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. ഇത് കഴിച്ചുള്ള 32.92 ശതമാനം തുക ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ഈ വര്‍ഷത്തെ ബജറ്റ് വിഹിതം കൂടി ചേര്‍ക്കുമ്പോള്‍ 132.92 ശതമാനമാണ് ആകെ അനുവദിക്കപ്പെടുന്ന തുക. ഈ തുകയില്‍ നിന്നാണ് 83.77 ശതമാനം ചെലവ് വന്നിട്ടുള്ളത്. അതായത് 49.15 ശതമാനവും ചെലവഴിക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളെ പോലെ ചെലവിന്റെ ശതമാനം കണക്കാക്കുകയാണെങ്കില്‍ ഇത്തവണത്തെ യഥാര്‍ത്ഥ പദ്ധതി ചെലവ് 60 ശതമാനത്തിലും താഴെ മാത്രമാണ്. ഈ കണക്കാണ് ധനവകുപ്പ് പെരുപ്പിച്ച് കാണിച്ച് തദ്ദേശ വകുപ്പും ധനവകുപ്പും ചേര്‍ന്ന് ആഘോഷിക്കുന്നത്.
സര്‍ക്കാര്‍ പുറത്ത്‌വിട്ട കണക്കില്‍ തന്നെ ഈ വൈരുധ്യം പ്രകടമാകുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ചെലവ് വന്ന ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ ഗ്രാമ പഞ്ചായത്തിന്റെ ശതമാനം 252.5 ആണ്. അതായത് 100 ശതമാനത്തിലേറെ ചെലവ് വരുന്ന വിചിത്ര കണക്ക്. എങ്ങിനെയാണ് ഈ ഗ്രാമപഞ്ചായത്തിന് ഈ നേട്ടം സാധ്യമായത് എന്ന് പരിശോധിക്കുമ്പോഴാണ് കൂടുതല്‍ രസകരം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി ചെലവില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം 935 ആയിരുന്നു. ഏറ്റവും പിറകിലുള്ള ആറാമത്തെ പഞ്ചായത്ത്. അന്നത്തെ ചെലവ് 28.88 മാത്രം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ് തുക ചെലവഴിച്ചപ്പോള്‍ ശതമാനക്കണക്കില്‍ മുട്ടാര്‍ മുമ്പിലേക്ക് കുതിച്ചു. അതിനാല്‍ ചെലവ് 252.5 ശതമാനത്തിലെത്തി. മുട്ടാര്‍ സംസ്ഥാനത്ത് ഒന്നാമതെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നൂറ് ശതമാനത്തിലെത്തിയ ഗ്രാമപഞ്ചായത്തുകള്‍ ഇത്തവണ മുഴുവന്‍ തുകയും ചെലവഴിച്ചാലും അവര്‍ 100ല്‍ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 25.43 ശതമാനത്തോടെ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നിന്ന കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്ത് ഇത്തവണ 200 ശതമാനം ചെലവോടെ സംസ്ഥാനത്ത് ആറാമതെത്തി. കഴിഞ്ഞ വര്‍ഷം 27.53 ശതമാനം ചെലവോടെ സംസ്ഥാനത്ത് 940 ാം സ്ഥാനത്തായിരുന്ന തൃശൂര്‍ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്ത് ഇത്തവണ 212 ശതമാനം ചെലവോടെ സംസ്ഥാനത്ത് അഞ്ചാമതുമെത്തി. കഴിഞ്ഞ തവണ ഏറ്റവും പിറകില്‍ നിന്ന 10 പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകളും ഇത്തവണ ഏറ്റവും കൂടുതല്‍ ചെലവ് വന്ന ആദ്യ പത്ത് പഞ്ചായത്തുകളില്‍ ഇടം നേടി എന്നത് തന്നെ ശതമാനക്കണക്കിലെ കൃത്രിമം തുറന്നുകാട്ടുന്നതാണ്.
സാധാരണ വിഹിതം, പ്രത്യേക ഘടക പദ്ധതി, പട്ടികവര്‍ഗ ഉപപദ്ധതി, പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നീ ഫണ്ടുകളുടെ ചെലവാണ് പഞ്ചായത്തിന്റെ പദ്ധതി ചെലവായി കണക്കാക്കുന്നത.് പദ്ധതി 100 ശതമാനത്തില്‍ എത്തുക എന്നാല്‍ ഈ വിഹിതങ്ങളെല്ലാം പൂര്‍ണ്ണമായും ചെലവഴിക്കലാണ്. എന്നാല്‍ ഇത്തവണ നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നുള്ള പ്രത്യേക ഘടക പദ്ധതി 100 ശതമാനത്തിലെത്തിയില്ലെങ്കിലും സാധാരണ വിഹിതത്തില്‍ സ്പില്‍ ഓവര്‍ തുക അധികമായി ചെലവഴിച്ചാല്‍ തദ്ദേശ സ്ഥാപനത്തിന് 100 ശതമാനത്തിലെത്താന്‍ സാധിക്കും. ഈ രീതിയിലാണ് വസ്തുതകളുമായി ഒരു നിലക്കും ഒത്തുപോകാത്ത വിധം കണക്ക് ക്രമീകരിച്ചത്. ധനവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും ലക്ഷ്യം പദ്ധതി തുക ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തദ്ദേശ സ്ഥാപനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചതോടെ പദ്ധതി ചെലവ് കുത്തനെ താഴുന്ന സാഹചര്യമാണുണ്ടായത്. ഇതിനെതിരെ പാര്‍ട്ടിയില്‍നിന്ന് തന്നെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കണ്ണില്‍ പൊടിയിടുന്ന കണക്കുമായി മന്ത്രിയെത്തിയത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ചെലവ് കാര്യക്ഷമമായിരുന്നു. സര്‍ക്കാറിന്റെ അവാസാന വര്‍ഷമായ 2015-16ല്‍ 73.61 ശതമാനമായിരുന്നു പദ്ധതി ചെലവ്. തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധയും ഇടപെടലും കൊണ്ട് മാത്രമായിരുന്നു.
പതിനാലാം ധനകാര്യകമ്മീഷന്‍ ഗ്രാന്റില്‍ നിന്നുള്ള പെര്‍ഫോമന്‍സ് ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 89.16 കോടി രൂപ പെര്‍ഫോമന്‍സ് ഗ്രാന്റായി 170 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കുന്നത് 2018 മാര്‍ച്ച് 24നാണ്. ഈ തുക സോഫ്റ്റ്‌വെയറില്‍ വരുത്തുന്നതിനോ പദ്ധതി തയ്യാറാക്കി അംഗീകാരം നല്‍കുന്നതിനോ സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല. മുന്‍ വര്‍ഷങ്ങളില്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് അതത് വര്‍ഷം തന്നെ വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. ഈ തുക അനുവദിച്ചാല്‍ പദ്ധതി ചെലവിന്റെ ശതമാനം താഴുമോ എന്ന ഭീതി ഇതിനും തടയിട്ടു. ഈ തുകയുടെ കാര്യത്തില്‍ നിലവില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഈ തുക ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ക്രമീകരണവും സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ചിട്ടില്ല. അതിനിടെ ട്രഷറിയില്‍ നിക്ഷേപിച്ച പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഗ്രാന്റും തനതു ഫണ്ടും സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നതിനും ഉത്തരവായിരുന്നു. പിന്നീട് പ്രതിഷേധം കനത്തതോടെ ധനവകുപ്പ് മന്ത്രി വാക്കാല്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
2018-19 വാര്‍ഷിക പദ്ധതിയുടെ അംഗീകാര നടപടിയിലും സര്‍ക്കാര്‍ പ്രഹസന നാടകം നടത്തിയിരിക്കുകയാണ്. 1147 തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് അംഗീകാരം നേടി എന്നാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ഇതും സര്‍വകാല റെക്കോര്‍ഡ് ആണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിലെ വസ്തുത പരിശോധിക്കുമ്പോഴും അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാകും. നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതി സുലേഖ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയത ശേഷം വെറ്റിങ് ഓഫീസര്‍ ഇവ വിശദമായി പരിശോധിച്ച് അംഗീകാരം നല്‍കുന്നതാണ് പദ്ധതി അംഗീകാരത്തിന്റെ സുപ്രധാന നടപടി. ഈ പ്രവര്‍ത്തനം സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനവും സ്വീകരിച്ചിട്ടില്ല. ഈ പ്രക്രിയക്ക് മുമ്പെ പദ്ധതി ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന രീതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നല്ലാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കില്ല. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെയാണ് ഈ അംഗീകാര പ്രഹസനം അരങ്ങേറുന്നത്. ഇതിന് ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട വെറ്റിങ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. മറ്റു പദ്ധതികളും വെറ്റിങ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ഡി.പി.സി പദ്ധതിക്ക് അംഗീകാരം നല്‍കുമ്പോള്‍ വിശദമായ പരിശോധന നടക്കാറില്ല. കണ്ടെത്തിയ ന്യൂനതകള്‍ പിന്നീട് പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വെറ്റിങ് നടത്തുന്ന ഘട്ടത്തില്‍ പദ്ധതികള്‍ വിശദമായി പരിശോധിക്കപ്പെടും. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ പദ്ധതികള്‍ നിരസിക്കപ്പെടും. ഇവ വീണ്ടും ഡി.പി. സിക്ക് പോകേണ്ട സ്ഥിതിയാണുണ്ടാവുക. തന്മൂലം പദ്ധതി ആരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ രീതി ഇത്തവണ വീണ്ടും സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. നേരത്തെ അംഗീകാരം നേടി എന്ന അവകാശവാദത്തിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഈ രീതി സ്വീകരിക്കുന്നത്.
ഒരു ഭാഗത്ത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം നിരന്തരമായി സ്വീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതി ചെലവിലും പദ്ധതി അംഗീകാര പ്രവര്‍ത്തനങ്ങളിലും കൃത്രിമ കണക്കും നടപടി ക്രമങ്ങളും സ്വീകരിച്ച് പ്രാദേശിക സര്‍ക്കാറുകളെ കൊഞ്ഞനം കുത്തുകയാണ്. എല്ലാത്തിലും സര്‍വകാല റെക്കോര്‍ഡ് എന്ന അവകാശവാദം നിരത്തുന്ന സര്‍ക്കാര്‍ അതിന് പിന്നിലെ പൊള്ളത്തരങ്ങളെ മൂടിവെക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരും.

chandrika: