X

ബിഹാറില്‍ ചിരാഗിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ വെട്ടിയത് ഇങ്ങനെ

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ജെഡിയുവിന്റെ മോശം പ്രകടനമാണ്. എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയപ്പോള്‍ 43 സീറ്റു മാത്രമാണ് നിതീഷിന്റെ പാര്‍ട്ടിക്ക് നേടാനായത്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ വരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും 74 സീറ്റുള്ള ബിജെപിയെ തളയ്ക്കാന്‍ ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്. 2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു 43 ലേക്ക് വീണത്.

ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ആ ആരോപണങ്ങളില്‍ വസ്തുതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ജനവിധിക്കു ശേഷം വരുന്ന പഠനങ്ങള്‍.

ചിരാഗ് എന്ന ആയുധം

അശോക യൂണിവേഴ്‌സിറ്റിയുടെ ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ നടത്തിയ അപഗ്രഥന പ്രകാരം സംസ്ഥാനത്തെ 243ല്‍ 120 സീറ്റുകളിലാണ് വോട്ട് കട്ടര്‍മാര്‍ ഫലം മറിച്ചത്. 120ല്‍ 54 ഇടത്തും ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ് ജയം അട്ടിമറിച്ചത്. അമ്പത്തിനാല് സീറ്റുകളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടി. അഥവാ, ഈ മണ്ഡലങ്ങളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു എങ്കില്‍ ഇവിടങ്ങളില്‍ നിലവിലെ റണ്ണര്‍ അപ്പുകള്‍ വിജയികള്‍ ആകുമായിരുന്നു.

ജയിച്ചത് ഒന്ന്, മറിച്ചത് നിരവധി

മതിഹാനി മണ്ഡലത്തില്‍ മാത്രമാണ് എല്‍ജെപിക്ക് ഇത്തവണ ജയിക്കാനായത്. ഇവിടെ പാര്‍ട്ടിക്കായി ജയിച്ചുകയറിയത് രാജ്കുമാര്‍ സിങ്. എന്നാല്‍ 54 ഇടങ്ങളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ വോട്ടുപിടിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ജെഡിയുവിനെയാണ്. 25 മണ്ഡലങ്ങളാണ് എല്‍ജെപി വോട്ടുപിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ എല്ലാം ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ചിരാഗിന്റെ പാര്‍ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ചിരാഗ് ഇല്ലായിരുന്നു എങ്കില്‍ ആ വോട്ടു കൂടി ജെഡിയുവിന്റെ പെട്ടിയില്‍ വീഴുമായിരുന്നു എന്നു ചുരുക്കം, അതു വഴി ജയവും.

നേരത്തെ ചിരാഗ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശ്യം. ഈ തെരഞ്ഞെടുപ്പില്‍ ഞാനുണ്ടാക്കിയ സ്വാധീനത്തില്‍ ഞാന്‍ സന്തോഷവാനാണ്’ – പട്‌നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ചിരാഗ് പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയായ എല്‍ജെപി സംസ്ഥാനത്ത് നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹനുമാനാണ് താന്‍ എന്നുവരെ ചിരാഗ് പറഞ്ഞിരുന്നു.

ചിരാഗിനെ കുറിച്ച് ജെഡിയു പ്രതികരിച്ചത് ഇങ്ങനെ; ‘ചിരാഗും സംഘവും ഈ തെരഞ്ഞെടുപ്പില്‍ ഒരു ആത്മഹത്യാ സംഘം പോലെയാണ് പ്രവര്‍ത്തിച്ചിത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിനാണ് എന്ന് വ്യക്തമാണ്’ – പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.

ജെഡിയുവിന്റെ മാത്രമല്ല, എന്‍ഡിഎയിലെ മറ്റൊരു സഖ്യകക്ഷി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും എല്‍ജെപി തകര്‍ത്തിട്ടുണ്ട്. നാലു മണ്ഡലങ്ങളിലാണ് എല്‍ജെപി പാര്‍ട്ടിയുടെ ജയം തട്ടിപ്പറിച്ചത്. ബിജെപിയുടെ ഒരു ജയം മാത്രമാണ് എല്‍ജെപി ഇല്ലാതാക്കിയത്. ബിജെപി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

മഹാസഖ്യത്തില്‍ ആര്‍ജെഡിയുടെ 12 ഇടത്തെ വിജയസാധ്യതയെയും എല്‍ജെപി ഇല്ലാതാക്കി. കോണ്‍ഗ്രസിന് പാര്‍ട്ടി മൂലം പത്തു സീറ്റിന്റെയും സിപിഐഎംഎല്ലിന് രണ്ടു സീറ്റിന്റെയും നഷ്ടമുണ്ടായി. മൊത്തത്തില്‍ എന്‍ഡിഎയുടെ 30 സീറ്റും മഹാസഖ്യത്തിന്റെ 24 സീറ്റുമാണ് എല്‍ജെപി ഇല്ലാതാക്കിയത്.

എല്‍ജെപി വോട്ട് കട്ടറായി വന്ന സീറ്റുകള്‍ മഹാസഖ്യത്തിനാണ് കൂടുതല്‍ ഉപകാരപ്പെട്ടത്. ഇങ്ങനെയുള്ള 24 സീറ്റില്‍ ആര്‍ജെഡി ജയിച്ചു. ആറു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ എല്‍ജെപി വോട്ടു പിടിച്ചിട്ടും 20 സീറ്റില്‍ ജെഡിയു ജയം കണ്ടു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് രണ്ടു സീറ്റു കൊടുക്കാനും എല്‍ജെപിക്കായി.

എല്‍ജെപി മാത്രമല്ല

എല്‍ജെപിയുടെ കൂടെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) വോട്ട് കട്ടറായി മാറി. 14 സീറ്റുകളിലാണ് ആര്‍എല്‍എസ്പിയുടെ സാന്നിധ്യം എതിര്‍പാര്‍ട്ടിക്കു വിനയായത്. 2018ല്‍ എന്‍ഡിഎ വിട്ട കക്ഷിയാണിത്. 20 സീറ്റുകളില്‍ സ്വതന്ത്രര്‍ നേടിയ വോട്ടുകള്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. സ്വതന്ത്രരുടെ സാന്നിധ്യം കൂടുതല്‍ സഹായിച്ചത് എന്‍ഡിഎയെ ആണ്. 15 സീറ്റുകളാണ് ഇങ്ങനെ എന്‍ഡിഎയ്ക്കു കിട്ടിയത്.

 

Test User: