X
    Categories: indiaNews

ബിഹാറില്‍ തങ്ങള്‍ക്ക് കിട്ടിയതെല്ലാം തോല്‍ക്കുന്ന സീറ്റുകളെന്ന് കോണ്‍ഗ്രസ്

പട്‌ന: മഹാസഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് ലഭിച്ചതെല്ലാം തോല്‍ക്കുന്ന സീറ്റുകളാണെന്ന് കോണ്‍ഗ്രസ്. മഹാസഖ്യത്തിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണെന്ന വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് ന്യായീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

മഹാസഖ്യത്തിലെ രണ്ടാമത്തെ കക്ഷിയായ തങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് ലഭിച്ചെങ്കിലും അതില്‍ കൂടുതലും എതിരാളികള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ വിലപേശലിന് ശേഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കാള്‍ 30 സീറ്റുകള്‍ കോണ്‍ഗ്രസിന് അധികം നല്‍കാന്‍ ആര്‍ജെഡി സമ്മതിച്ചത്. എന്നാല്‍ ഇത് തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. എണ്ണത്തില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടിയെന്നല്ലാതെ അതില്‍ വലിയ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ആര്‍ജെഡി കോണ്‍ഗ്രസിന് വിട്ടുനല്‍കിയ 20 മണ്ഡലങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ആര്‍ജെഡി ജയിക്കാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചത്. അതിന് പുറമെ ഇടത് പാര്‍ട്ടികള്‍ വിലപേശി വാങ്ങിയ സീറ്റുകളില്‍ ചിലത് പരമ്പരാഗത കോണ്‍ഗ്രസ് സീറ്റുകളായിരുന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: