X
    Categories: indiaNews

കോണ്‍ഗ്രസ് ജയിച്ചത് 70ല്‍ 19 സീറ്റു മാത്രം; ആ തോല്‍വിക്ക് കാരണങ്ങളുണ്ട്!

പട്‌ന: മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. മത്സരിച്ചത് 70 സീറ്റിലും. 2014ല്‍ 41 സീറ്റില്‍ മത്സരിച്ച് 27 ഇടത്ത് ജയിച്ച സ്ഥാനത്താണ് കോണ്‍ഗ്രസ് ഇത്തവണ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തത്. 2015ല്‍ 65.9 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇത്തവണ 27.1 ശതമാനവും. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മോശം പ്രകടനം സഖ്യത്തിന്റെ അധികാര സാധ്യതയെ തകിടം മറിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് എന്താണ് എന്ന് പരിശോധിക്കുന്നു.

കസ്ബ, മനിഹാരി, ബിക്രം, കുതുംബ, ബക്‌സര്‍, ഔറംഗാബാദ്, അരാരിയ, കട്‌വ, ചെനാരി, ജമാല്‍പൂര്‍, ഖഗാരിയ, കിഷന്‍ഗഞ്ച്, ഭാഗല്‍പൂര്‍, രാജ്പൂര്‍, രാജപകാര്‍, മഹാരാജ്ഗഞ്ച്, കര്‍ഗഹാര്‍, മുസഫര്‍പൂര്‍, ഹിസുവ മണ്ഡലങ്ങൡലാണ് കോണ്‍ഗ്രസ് ഇത്തവണ ജയിച്ചത്. മത്സരിച്ച മറ്റു 51 സീറ്റുകളില്‍ പാര്‍ട്ടി തോറ്റു.

കോണ്‍ഗ്രസ് മത്സരിച്ച 70ല്‍ 58 സീറ്റുകള്‍ 2015ല്‍ എന്‍ഡിഎ ജയിച്ചതാണ് എന്നതാണ് ശ്രദ്ധേയമായത്. മുന്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു എന്‍ഡിഎയില്‍ ഉണ്ടായിരുന്നുമില്ല. 1990ന് ശേഷം രാഷ്ട്രീയ ജനതാദള്‍ മികച്ച പ്രകടനം നടത്താത്ത സീറ്റുകള്‍ കൂടിയാണ് ഇതില്‍ മിക്കതും. സംഘടനാ സംവിധാനങ്ങള്‍ കൂടി ദുര്‍ബലമായ ഈ സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയ സാധ്യത കുറവായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം, കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടെങ്കില്‍ ഇടതുകക്ഷികള്‍ക്ക് മത്സരിച്ച 20 സീറ്റില്‍ 16 ഇടത്തും ജയിക്കാനായി. മഹാസഖ്യത്തിന്റെ കൂടെ മത്സരിച്ചതാണ് ഇടതിന് ഗുണകരമായത്. സിപിഐഎംഎല്‍ (ലിബറേഷന്‍) 12 സീറ്റു നേടിയപ്പോള്‍ സിപിഎമ്മും സിപിഐയും രണ്ടു സീറ്റുകളില്‍ വീതം ജയിച്ചു. 2015ല്‍ സിപിഐഎംഎല്‍ ലിബറേഷന്‍ മൂന്നു സീറ്റുകള്‍ നേടിയത് ഒഴിച്ചാല്‍ ഇടതു കക്ഷികള്‍ക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.

Test User: